Tuesday, August 2, 2011

നെല്ലിക്ക.

വീട്ടു പറമ്പിലെ
നെല്ലിക്കകള്‍ക്കിപ്പോള്‍
ചുവന്ന സ്ട്രോബറികളുടെ
രുചിയാണ്.

മധുരത്തിലേക്കുള്ള
കുറുക്കു വഴികള്‍ക്കിടയില്‍
എവിടെ വെച്ചാണ്
എന്റെ പ്രീയപ്പെട്ട ചവര്‍പ്പ്
കളഞ്ഞുപോയത്.

Wednesday, June 8, 2011

പച്ച.

പെണ്ണേ,
കണ്ണിലെ ആകാശ നീലിമയോ,
കവിളിലെ അസ്തമയ ശോണിമയോ,
ഒന്നുമെനിക്ക് വേണ്ട.

എനിക്ക് നിന്റെ പ്രണയം
പച്ചയ്ക്ക് മതി.

Thursday, March 3, 2011

ഹംസഗാനം

പ്രണയം
======

ഒരിക്കലും
ഉണങ്ങരുതെന്ന്
ആഗ്രഹിച്ച ഇടം
കയ്യിലെ കരിയാത്ത
നോവ്

മുറികൂടുന്തോറും
ചൊറിഞ്ഞു മാന്തി
പൊറ്റപൊട്ടിച്ച്
ആഘോഷിക്കാറുണ്ട്
ചോന്ന ചോരത്തുള്ളികള്‍

ജീവിതം
========

ഒളിച്ചുവെച്ച്
ഒറ്റതിരിഞ്ഞിരിക്കെ
ഒറ്റശാസത്തില്‍
ഒരൊറ്റ പൊട്ടിത്തെറിയാണ്
മേശമേലെ തുറുപ്പ്

ജാക്കിനെയും കിങ്ങിനെയും
ഒരൊറ്റവെട്ടിനു പിടിച്ച
ഒരു രണ്ടാം നമ്പര്‍ കൂലി

സൗഹൃദം
=======

ഒരുപാട്
നോക്കിയതാണ്
അകലേക്കകലേക്ക്
ഓടി ഒളിക്കാന്‍

എത്ര ഓടിയാലും
കിതച്ചു നിക്കുമ്പൊ
തലക്കുമീതെ
തുറിച്ചു നോക്കും
ഒരൊറ്റ സൂര്യന്‍

കവിത
======

മുഴുവന്‍ എഴുതും മുന്‍പെ
മഷിതീര്‍ന്നതിനാല്‍
കടലാസു താളില്‍
അറിയാതെ മുനകൊണ്ട്
കോറിയ ഒരു അക്ഷരക്കീറ്

ലക് ഷ്യം
=======

ചുഴിയിലേക്ക്
വലിഞ്ഞു വീഴവെ
പറന്നു ചാടുമ്പോള്‍
ആകാശത്തില്‍
ശ്വാസം മുട്ടിത്തുടങ്ങിയ
ഒരു മത്സ്യം


.

Thursday, November 11, 2010

ഒറ്റ

ഭൂരിപക്ഷവര്‍ഗ്ഗീയതയില്‍ നിന്ന്
ന്യൂന പക്ഷവര്‍ഗ്ഗീയത കുറക്കുമ്പോള്‍
ബാക്കിവരുന്ന ഒറ്റയാണ് ദൈവം..!!

Sunday, August 22, 2010

പര്‍ദ്ദ

ആറാം ക്ലാസ്സുകാരി
ആയിഷ
ആദ്യമായി പര്‍ദ്ദ
ഉടുത്തപ്പോള്‍
ഉമ്മയോടു ചോദിച്ചു :
"എന്തിനാ ഉമ്മാ
കറുത്ത തുണീ
നമ്മടെ ആരാ ചത്തത് ?"

ഉമ്മ പറഞ്ഞു :
"സ്വാതന്ത്ര്യം"






(വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി വര്‍ഗ്ഗീയ വാദികള്‍ക്കെതിരെ കോടതി കയറേണ്ടിവന്ന കാസര്‍ഗോട്ടെ പെണ്‍കുട്ടിയെ ഓര്‍ത്തു കൊണ്ട്..!!)

Saturday, June 26, 2010

ഭൗതികം

ബാല്യത്തിന്റെ
സ്ഫടിക സൗന്ദര്യത്തില്‍
നിന്നും
കൗമാരത്തിന്റെ
സുതാര്യതയിലേക്ക്
കടന്നപ്പോള്‍

എന്റെ ജീവിതത്തിന്
സംഭവിച്ച
അപവര്‍ത്തനമാണ്
നിന്നോടുള്ള പ്രണയം

പറയാതെ പോയ തെറികള്‍.

പറയാതെ പോയ തെറികള്‍
എഴുതാതെ പോയ
കവിതകള്‍ പോലെയാണ്.
അത് മനസ്സില്‍ ബാധ്യതയായി
കാത്തു കെട്ടിക്കിടക്കും.

ചിലപ്പോള്‍ നാവിന്‍ തുമ്പില്‍
തെറിച്ചു നില്‍ക്കും
വാക്കുകള്‍ക്കിടയില്‍
തുറിച്ചു നില്‍ക്കും.

മറ്റു ചിലത് തൊണ്ടയില്‍
കുരുങ്ങിക്കിടക്കുന്നുണ്ടാവും
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്
കലഹിച്ചു കൊണ്ട്.

ഒരുകള്ളു കുടിയന്റെയോ
വേശ്യയുടെയോ നാവില്‍
ജനിച്ചാല്‍ മതിയായിരുന്നെന്ന്
ചില പച്ചത്തെറികള്‍
ആത്മഗതം ചെയ്യുന്നത്
ഞാന്‍ കേള്‍ക്കാറുണ്ട്.

മീന്മാര്‍ക്കറ്റില്‍
സ്വാതന്ത്ര്യം ആഘോഷിക്കുന്ന
തെറികളോട് അവര്‍
അസൂയപ്പെടാറുണ്ട്.

ഇന്നലെ സ്കൂള്‍കുട്ടിയെ
ബസ്സില്‍ വെച്ച് കണ്ടക്ട്രര്‍
ഭീഷണിപ്പെടുത്തിയപ്പൊഴും
മുസീറ്റിലിരുന്ന പെണ്‍കുട്ടിയെ
പാന്‍പരാഗു ചവച്ചു കൊണ്ട്
മറ്റൊരുത്തന്‍ ചവിട്ടിയപ്പൊഴും
എന്റെ നാവിന്‍ തുമ്പിലേക്ക്
രണ്ട് തെറികള്‍ പാഞ്ഞുകയറിയതാണ്.


പക്ഷെ വെള്ളക്കോളര്‍ കുടുക്കില്‍
ശ്വാസം മുട്ടിമരിച്ച്
അവയെല്ലാം രക്തസാക്ഷികളായി.

പ്രീയപ്പെട്ട തെറികളെ
നിങ്ങള്‍ നിരാശരാകരുത്
ഒരിക്കല്‍ ഞാന്‍
എന്റെ പുറം കുപ്പായമൂരി
നിങ്ങളൂടെ അവകാശപ്രഖ്യാപനവുമായി
ഒരു ബാറിലോ,മീന്‍ മാര്‍ക്കെറ്റിലോ
അലഞ്ഞുതിരിയും


അല്ലെങ്കില്‍ എല്ലാം കൂടി
ഒരുനാള്‍ ഒരു കതിന പോലെ
എന്റെ തൊണ്ടക്കുഴിയില്‍ വെച്ച്
പൊട്ടിത്തെറിക്കും എന്നെനിക്കറിയാം.