Saturday, June 26, 2010

ഭൗതികം

ബാല്യത്തിന്റെ
സ്ഫടിക സൗന്ദര്യത്തില്‍
നിന്നും
കൗമാരത്തിന്റെ
സുതാര്യതയിലേക്ക്
കടന്നപ്പോള്‍

എന്റെ ജീവിതത്തിന്
സംഭവിച്ച
അപവര്‍ത്തനമാണ്
നിന്നോടുള്ള പ്രണയം

പറയാതെ പോയ തെറികള്‍.

പറയാതെ പോയ തെറികള്‍
എഴുതാതെ പോയ
കവിതകള്‍ പോലെയാണ്.
അത് മനസ്സില്‍ ബാധ്യതയായി
കാത്തു കെട്ടിക്കിടക്കും.

ചിലപ്പോള്‍ നാവിന്‍ തുമ്പില്‍
തെറിച്ചു നില്‍ക്കും
വാക്കുകള്‍ക്കിടയില്‍
തുറിച്ചു നില്‍ക്കും.

മറ്റു ചിലത് തൊണ്ടയില്‍
കുരുങ്ങിക്കിടക്കുന്നുണ്ടാവും
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്
കലഹിച്ചു കൊണ്ട്.

ഒരുകള്ളു കുടിയന്റെയോ
വേശ്യയുടെയോ നാവില്‍
ജനിച്ചാല്‍ മതിയായിരുന്നെന്ന്
ചില പച്ചത്തെറികള്‍
ആത്മഗതം ചെയ്യുന്നത്
ഞാന്‍ കേള്‍ക്കാറുണ്ട്.

മീന്മാര്‍ക്കറ്റില്‍
സ്വാതന്ത്ര്യം ആഘോഷിക്കുന്ന
തെറികളോട് അവര്‍
അസൂയപ്പെടാറുണ്ട്.

ഇന്നലെ സ്കൂള്‍കുട്ടിയെ
ബസ്സില്‍ വെച്ച് കണ്ടക്ട്രര്‍
ഭീഷണിപ്പെടുത്തിയപ്പൊഴും
മുസീറ്റിലിരുന്ന പെണ്‍കുട്ടിയെ
പാന്‍പരാഗു ചവച്ചു കൊണ്ട്
മറ്റൊരുത്തന്‍ ചവിട്ടിയപ്പൊഴും
എന്റെ നാവിന്‍ തുമ്പിലേക്ക്
രണ്ട് തെറികള്‍ പാഞ്ഞുകയറിയതാണ്.


പക്ഷെ വെള്ളക്കോളര്‍ കുടുക്കില്‍
ശ്വാസം മുട്ടിമരിച്ച്
അവയെല്ലാം രക്തസാക്ഷികളായി.

പ്രീയപ്പെട്ട തെറികളെ
നിങ്ങള്‍ നിരാശരാകരുത്
ഒരിക്കല്‍ ഞാന്‍
എന്റെ പുറം കുപ്പായമൂരി
നിങ്ങളൂടെ അവകാശപ്രഖ്യാപനവുമായി
ഒരു ബാറിലോ,മീന്‍ മാര്‍ക്കെറ്റിലോ
അലഞ്ഞുതിരിയും


അല്ലെങ്കില്‍ എല്ലാം കൂടി
ഒരുനാള്‍ ഒരു കതിന പോലെ
എന്റെ തൊണ്ടക്കുഴിയില്‍ വെച്ച്
പൊട്ടിത്തെറിക്കും എന്നെനിക്കറിയാം.

Tuesday, June 22, 2010

വേള്‍ഡ് കപ്പ്..!!

അര്‍ജന്റീനയെ ഞാന്‍ ഇഷ്ടപ്പെടുന്നത്
മറഡോണയുടെ കൈത്തണ്ടയില്‍
ചെഗുവേരയെ പച്ചകുത്തിയതു കൊണ്ടല്ല.

അമേരിക്കയെ ഞാന്‍ ഇഷ്ടപ്പെടാത്തത്
അവരുടെ അധിനിവേശ ചരിത്രം
അറിയുന്നതു കൊണ്ടും അല്ല.

ഞാന്‍ വെയിന്‍ റൂണിയെ
ആരാധിക്കുന്നു എന്നതിന്
ഇംഗ്ലണ്ടിന്റെ സാമ്പത്തികനയം
സ്വാഗതം ചെയ്യുന്നു എന്നര്‍ത്ഥമില്ല.

പിന്നെന്തിനാണ് സുഹൃത്തേ,
ഇന്ത്യയും പാക്കിസ്ഥാനും
ക്രിക്കറ്റ് കളിക്കുമ്പോള്‍ മാത്രം
നിങ്ങള്‍ കാശ്മീരിനെക്കുറിച്ചും
കാര്‍ഗ്ഗിലിനെക്കുറിച്ചും വാചാലനാവുന്നത്.