Monday, June 29, 2009

മരം പെയ്തത്..!!


നീ ഒരു മഴ മേഘമായിരുന്നു.!!
എന്നാല്‍ ഇപ്പോള്‍ നീ
വെളുത്ത പൂക്കള്‍ നിറഞ്ഞ
ഒരു പൂമരമാണ്...!!

മഴ തോര്‍ന്നിരിക്കുന്നു.
എങ്കിലും
മരം പെയ്യുമ്പോള്‍
ഞാനിപ്പൊഴും
മഴ നനയാറുണ്ട്.

............

Wednesday, June 10, 2009

രണ്ട് അരക്കവിതകള്‍.


1.തേള്‍

എന്റെ പകയും
വേദനയും
വിഷാദവും
ഒരുക്കിവെച്ചിട്ടുണ്ട് ഞാന്‍
വാലിന്റെ തുമ്പത്ത്
ഒരൊറ്റ തുള്ളി വിഷമായി.

എന്നോട് കളിക്കല്ലേ,
നിന്റെ സ്വപ്നങ്ങളില്‍
വിഷനീല പടര്‍ത്തും ഞാന്‍
ഒറ്റ കുത്തുകൊണ്ട്.

====================

2.ബബിള്‍ഗം

കടിച്ച് നീരിറക്കി
ചവച്ചു തുപ്പുന്നതിനു മുമ്പായി
ഊതിവീര്‍പ്പിച്ചതായിരുന്നു.
ഒരു കുമിളയായി
പൊട്ടിത്തീര്‍ന്നില്ല-

പിന്നെയും ഒരു ചുംബനമായി
ചുണ്ടിനു ചുറ്റും
പടര്‍ന്നും പിന്നെ അടര്‍ന്നും.

====================

Saturday, March 28, 2009

ജനറേഷന്‍..!!

സുന്ദരമായ സ്ഫടികഭിത്തികല്‍ക്കിടയിലൂടെ കൗതുകത്തോടെ തുഴഞ്ഞു നീന്തിക്കൊണ്ട് കുഞ്ഞ് മീന്‍ അമ്മ മീനിനോട് പറഞ്ഞു: " ഈ അക്വേറിയം എത്ര സുന്ദരമാണ്..!!"
മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി പൊട്ടിച്ചിതറുന്ന വായു കുമിളകള്‍ക്കു കീഴില്‍ ഒരു കൃത്രിമ മുത്തുച്ചിപ്പിക്കു മുകളില്‍ നിന്ന് അമ്മമീന്‍ അപ്പോള്‍ കടല്‍ സ്വപ്നം കാണുകയായിരുന്നു.

Sunday, December 21, 2008

മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്

"യുവര്‍ ഗുഡ് നെയിം"
"പാര്‍വ്വതി"
"നേറ്റീവ് പ്ലേസ്"
"കേരള.."
പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.'പാര്‍വ്വതി ഓമനക്കുട്ടന്റെ നാട്ടില്‍ നിന്നു തന്നെയാണല്ലോ..അതുകൊണ്ടായിരിക്കണം മലയാളി പെണ്‍കുട്ടികള്‍ ഇത്ര സുന്ദരിമാരായിരിക്കുന്നത്...'എന്നൊക്കെ.ഇടവിട്ടുള്ള ചിരികള്‍ക്കും കുസൃതി നിറഞ്ഞ നോട്ടങ്ങള്‍ക്കുമിടയില്‍ അയാള്‍ പാര്‍വ്വതി എന്ന പേരു കേരളത്തിലെ സ്ത്രീ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് നെയിം ആക്കി തീര്‍ക്കുന്നതായി പാര്‍വ്വതിക്ക് തോന്നി.
കോള്‍ സെന്റര്‍ ഇന്റര്‍വ്യൂകളെ പറ്റി പലരും പറഞ്ഞിട്ടുള്ളതാണ്.ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് ആ ജോലി അത്ര ചേരില്ലെന്നും..!!എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ ബി ടെക് ഡിഗ്രീ സര്‍ട്ടിഫികറ്റിനു കടലാസിന്റെ വില ആയപ്പോള്‍ തീരുമാനിച്ചതാണ്,എന്തെങ്കിലും ഒരു ജോലി.ഇനിയും വീട്ടില്‍ നിന്നു പണം അയച്ചുതരാന്‍ പറയാന്‍ പറ്റില്ല.

അയാള്‍ അടുത്ത ചോദ്യമെറിഞ്ഞു.തന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ പരിശോധനയുടെ അടുത്ത ഘട്ടം.

"വിച്ച് ഇസ് യുവര്‍ ഫേവറയിറ്റ് കളര്‍"
"റെഡ്"
"വൈ ?"
തന്റെ ഇഷ്ടങ്ങള്‍ക്കും കാരണങ്ങള്‍ നിരത്തേണ്ടിയിരിക്കുന്നു.മഹാനഗരങ്ങളിലെ സംസ്കാരം അതാണ്...ഇവിടെ കാരണമില്ലാതെ ആരും ഒന്നും ചെയ്യാറില്ല.

എങ്കിലും പറഞ്ഞു. ചുവപ്പിനെ പറ്റി...പ്രണയത്തിന്റെ തുടിപ്പുമായി ആര്‍ക്കൊക്കെയോ കൊടുക്കാതെ പോയ ചുവന്ന പനിനീര്‍പ്പൂവുകളെ പറ്റി...!!എല്ലാഹൃദയങ്ങളില്‍ നിന്നും ഞരമ്പുകളിലൂടെ യുവത്വം പായിക്കുന്ന ചുവപ്പിനെ പറ്റി...!!കേരളത്തിന്റെ സംസ്കാരത്തില്‍ വിപ്ലവം നിറച്ച ചുവപ്പിനെ പറ്റി...!!മഴവില്ലിന്റെ അവസാനത്തെ നിറത്തെ പറ്റി..!! ഓരോ സായാഹ്നവും പങ്കുവെക്കുന്ന അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പിനെ പറ്റി..!!

ഒടുവില്‍ പാര്‍വ്വതി അയാളുടെ നേരെ നോക്കി.അയാളുടെ മുഖത്ത് എപ്പൊഴും പറ്റിപ്പിടിച്ചു നില്‍കുന്ന ചിരി അയാളുടെ ജോലിയുടെ ശീലം മാത്രമാണെന്നെവള്‍ക്കു തോന്നി.ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു.
"യുവര്‍ കമ്മ്യൂണിക്കേഷന്‍ ഇസ് ഓകെ..ബട്.."

ബട്........

"യൂ ഹാവ് അ സ്ട്രോങ് മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്..!!"

ഇന്റെര്‍വ്യൂ മുറിയുഇല്‍ നിന്നു പുറത്തു വരുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സില്‍ പരാജയബോധത്തേക്കാള്‍ മറ്റെന്തൊക്കെയോ ആയിരുന്നു. തന്റെ ഓരോ വാക്കിലും മലയാളിത്തം കടന്നുകൂടുന്നത്രെ.മാതൃഭാഷയുടെ അവസാനവേരുമറുത്ത് ഇംഗ്ലീഷുകാരനോട് രാപ്പകല്‍ ഭേദമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ അഭിവാദനം പറയുവാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ള ജോലി.

പുറത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഇന്ററ്വ്യൂ റൂമിലേക്ക് ധൃതിയല്‍ കടന്നു പോകുന്നതു അവള്‍ കണ്ടു.അവളുടെ നീല ജീന്‍സിനു മുകളില്‍ അലസമായി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന അസുഖകരമായ ഫലിതം അവളെ ചിരിപ്പിച്ചില്ല.പണ്ടു കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.


.

Monday, December 8, 2008

ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ...!!

"പല പല രമണികള്‍ വന്നു, വന്നവര്‍
പമെന്നോതി -നടുങ്ങീ ഞാന്‍,
പല പല കമനികള്‍ വന്നൂ,വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.
കിന്നരകന്യക പോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി :"യെനിക്കവിടുത്തെ
പൊന്നോടക്കുഴല്‍ മതിയല്ലൊ.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലൊ.."
(ചങ്ങമ്പുഴ---'മനസ്വിനി')

ഇന്‍ഫോസിസില്‍ പ്ലേസ്ഡ് ആയ ഉടന്‍ തന്നെ എന്റെ ആത്മ സുഹൃത്ത് ഹരിയില്‍ കോളേജിലെ ഒന്നാം നമ്പര്‍ ബ്യൂട്ടി ക്യൂനിന് കൂണുപോലെ മുളച്ച പ്രണയം, അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബലൂണ്‍ പോലെ പൊട്ടിയതറിഞ്ഞ് അതിന്റെ മനോവിഷമത്തില്‍ നിന്നു മുഖം തിരിക്കാന്‍ പത്രമെടുത്തു മുന്നില്‍ വിടര്‍ത്തി വെച്ചതായിരുന്നൂ ഞാന്‍.അപ്പോഴാണ് പത്രത്തില്‍ ആകസ്മികമായി ആ പരസ്യം കണ്ടത്.

"ഹിന്ദു യുവതി,അതിസുന്ദരി,ഇരുപത് വയസ്സ്,ഉയര്‍ന്ന സാമ്പത്തികം,വിദേശത്ത് നഴ്സ്,കൊണ്ടു പോകും,ബാധ്യതകളില്ല.വരന്റെ സാമ്പത്തികം,ജോലി,ജാതി,മതം എന്നിവ പ്രശ്നമല്ല.അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു."

അപ്പോഴാണ് ഒരു തൊഴില്‍ രഹിത അവിവാഹിതന്‍ തീര്‍ച്ചയായും ഒരു പത്രം കണ്ടാല്‍ ആദ്യം നോക്കേണ്ടത് മാട്രിമോണീയല്‍ പേജാണെന്ന അനിവാര്യമായ ബോധോദയം വൈകിയെങ്കിലും എന്നിലുദിച്ചത്.പല പല രമണികള്‍ ,രമണന്‍ ശൈലിയില്‍ എന്നെ നോക്കിക്കൊണ്ട് പാടുകയാണ്."നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകും...."എന്ന്.ഈ ബുദ്ധി ഒരു വര്‍ഷം മുന്‍പ് തോന്നിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങാതെ വരുത്തിക്കൊണ്ടിരുന്ന തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി,പി എസ് സി ബുള്ളറ്റിന്‍ ,വേക്കന്‍സി അബ്രോഡ് എന്നിവയുടെ വരിസംഖ്യ ലാഭിക്കാമായിരുന്നു.ഏതയാലും വിസ്യ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതിരുനത് ഭാഗ്യമായെന്നെന്നെനിക്കു തോന്നി...

പരസ്യത്തില്‍ കണ്ട നംബറുമായി ബന്ധപ്പെട്ടപ്പോള്‍ "വരന്‍ ആണായിരിക്കണം" എന്നതില്‍ കവിഞ്ഞ യാതൊരു ഡിമാന്‍ഡുകളും ഇല്ലന്നു ബോധ്യമായി.കല്യാണത്തിന്റെ ചിലവും ബ്രോക്കര്‍ ഫീസും കൂടു വധു വഹിക്കുമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കണ്‍ഫ്യൂഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

ഈ കച്ചവടം നടന്നേക്കും...!! പക്ഷെ ആരാണ് ചരക്ക്..?മാട്രിമോണിയല്‍ പേജില്‍ ഒന്നാം തരം വാനില ഐസ്ക്രീമിന്റെ പരസ്യം ഓര്‍മ്മിപ്പിക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട നീയോ.അതോ കല്യാണവും നടത്തി വിദേശത്തേക്ക് ഒരു ഡക്കറേഷന്‍ കഥകളിരൂപം വാങ്ങുന്ന ലാഘവത്തോടെ നീ പണം കൊടുത്ത് നേടുന്ന ഞാനോ..?

Sunday, September 14, 2008

"പ്രണയബാധിതപ്രദേശം"

വിക്രമാദിത്യന്‍റെ ചുമലിലിരുന്ന് വേതാളം അടുത്ത കഥ പറഞ്ഞുതുടങ്ങി.നിലാവു പോലും കടന്നുവരാന്‍ ഭയക്കുന്ന ശ്മശാന നിശ്ശബ്ദതയില്‍ വേതാളത്തിന്റെ ശബ്ദം വിക്രമാദിത്യന്റെ കാതുകളില്‍ വീണ്ടും മുഴങ്ങിത്തുടങ്ങി.

"ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.ഒരാണും ഒരു പെണ്ണും.അവര്‍ പരിചയപ്പെട്ടത് ഓര്‍കുട്ട് എന്ന സൗഹൃദ ശൃംഖല വഴിയായിരുന്നു.ഒരിക്കലും തമ്മില്‍ കാണാത്തവര്‍...!! എങ്കിലും ഒരു ദിവസം ഒരാള്‍ മറ്റെയാളോട് പറഞ്ഞു:"ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു."
ഇതു കേള്‍ക്കാന്‍ കൊതിച്ചെന്ന പൊലെ മറ്റെയാള്‍ മറുപടി പറഞ്ഞു:"നിന്റെ പ്രണയം സഹൃദയം ഞാന്‍ സ്വീകരിക്കുന്നു".
അങ്ങനെ ഒരിക്കലും നേരിട്ട് കണ്ടില്ലെങ്കിലും യാഹൂ ചാറ്റിലൂടെയും ഓര്‍ക്കുട്ട് സ്ക്രാപ്പിലൂടെയും അവര്‍ പ്രണയം ഹൃദയം കൊണ്ടും മനസ്സുകൊണ്ടും ആഘോഷിച്ച് തുടങ്ങി."

അപ്പോള്‍ വിക്രമാദിത്യന്‍ പറഞ്ഞു."അതിലെന്താണ് തെറ്റ്..?പ്രണയം മംസ നിബദ്ധമല്ല.അത് നേര്‍കാഴ്ചയെക്കാള്‍ കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്"

അപ്പോള്‍ വേതാളം കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:"എന്തരടേ ഇത്.നോ കമന്റ്സ്.തോക്കീക്കേറി വെടിവെക്കല്ലേ...ലവന്റെ ഒരു പോസ്റ്റ് മോഡേണ്‍ ഡയലോഗ്ഗ്..അവസാനം ഒരു കൊസ്റ്റ്യന്‍ ചോദിക്കും..അതിനു കറക്ട് ആന്‍സര് തന്നാ മതി...ഇതൊക്കെ ഡെയിലി പറഞ്ഞു തരണോഡേ...!!!"

വിക്രമാദിത്യന്‍ നിശ്ശബ്ദനായി.ചക്രവര്‍ത്തിയുടെ സ്വര്‍ണ്ണകിരീടത്തില്‍ മിന്നല്‍ പിണരുകള്‍ ചിത്രം വരച്ചുകൊണ്ടിരുന്നു.

വേതാളം തുടര്‍ന്നു.:"അങ്ങനെ അവര്‍ പ്രണയവയോധിയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം കക്ഷി രണ്ടാം കക്ഷിയോട് മൊഴിഞ്ഞു."സുഹൃത്തേ നമ്മുടെ വിവാഹം എന്നായിരിക്കും..?"
അവര്‍ക്കിടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത പടര്‍ന്നു.ഒടുവില്‍ നിശ്ശബ്ദത ഭഞ്ജിച്ച് രണ്ടാം കക്ഷി പറഞ്ഞു."വീട്ടുകാര്,സഹോദരങ്ങളുടെ ഭാവി,പ്രണയം പോലെ അത്ര എളുപ്പമല്ലല്ലോ വിവാഹം"
ഒന്നാം കക്ഷി ഞെട്ടിയില്ല.കാരണം അയാള്‍ക്കും അതു തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.സമൂഹത്തെ കുറിച്ച് ചിന്തിക്കാതെ നിന്റെ പ്രണയം സ്വീകരിച്ച ഞാനും ഉത്തരവാദിയാണ്.ഒരു മോഷണക്കേസിലെ കൂട്ട് പ്രതികളെ പോലെ അവര്‍ നിന്നു.അവര്‍ക്കു മുന്നിലെ കീ ബോര്‍ഡുകളും അവരുടെ പ്രണയത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച യാഹൂ ചാറ്റ് വിന്‍ഡോയും നിശ്ശബ്ദത പാലിച്ചു."


ഇത്രയും പറഞ്ഞ് വേതാളം തന്റെ ചോദ്യത്തിലേക്ക് കടന്നു."എല്ലാ പ്രണയവും വിവാഹത്തിലെത്തണമെന്ന് ഇക്കാലത്ത് ശാഠ്യം പിടിച്ചാല്‍ പറയുന്നവന്‍ വിഡ്ഡിയാകുമെന്നെനിക്കറിയാം.എങ്കിലും ഞാന്‍ ചോദിക്കട്ടെ.ഈ ആശയക്കുഴപ്പത്തിനുത്തരവാദി ആരാണ്..? ഒന്നാം കക്ഷി,രണ്ടാം കക്ഷി,അതോ സമൂഹമോ..?"


വിക്രമാദിത്യനു നേര്‍ക്ക് തന്റെ ചോദ്യമെറിഞ്ഞ് ഒരു വിജേതാവിനെപ്പോലെ വേതാളം തലയുയര്ത്തി നോക്കി.

വിക്രമാദിത്യന്‍ പറഞ്ഞു."ഇതിനുത്തരവാദി ഇവരൊന്നുമല്ല.ഓര്‍ക്കുട്ടിനു രൂപം കൊടുത്ത ലവനില്ലേ...ആ ഓര്‍ക്കുട്ട് ബുയോക്കൊക്ടേന്‍.ഇങ്ങനെ കുറെ വേണ്ടാതീനം കണ്‍ട് പിടിക്കുന്ന ഇവന്മാരെ ഒക്കെ ആണ് നല്ല കണ്ണിച്ചൂരല്‍ കൊണ്ട് അടിക്കേണ്ടത് "

അനന്തരം വേതാളം വിക്രമാദിത്യന്റെ ചുമലില്‍ നിന്നു മരത്തിലേക്ക് പറന്നു.വിക്രമാദിത്യനെ കുടുക്കാന്‍ പുതിയ ചോദ്യം ആലോചിക്കുന്നതിനിടയില്‍ വേതാളം ചിന്തിച്ചു.
"തള്ളേ വിക്രമാദിത്യന്‍ പുലിയാണ് കേട്ടോ.."

=======

Friday, June 6, 2008

ഉത്തരാധുനികഥ-ചാമ്പക്ക-അണ്ണാറക്കണ്ണന്‍-പ്രണയം എറ്റ്സട്ര...!!

അന്ന് ചാമ്പ മരച്ചുവട്ടില്‍,ചൊടികളില്‍ ഉദയ സൂര്യന്റെ ചുവപ്പുമായി പൂഴിമണലില്‍ കാല്‍ വിരല്‍ കൊണ്ട് വൃത്തം വരച്ച് നാണത്തോടെ അവള്‍ ഇപ്രകാരം പറഞ്ഞു.

"നമുക്ക് വിവാഹം കഴിക്കാം..."
ഞാന്‍ വിചാരിച്ചു.എല്ലാം ഒരു മകാരം വാരിക കഥപോലെ ഇരിക്കുന്നു.
അവള്‍ പൂഴിയില്‍ വരച്ച വൃത്തത്തിന്‍റെ ഡയമീറ്റര്‍ പോലും കിറു കൃത്യം.
ഞാന്‍ എന്റെ വലതു കയ്യുടെ ചൂണ്ടു വിരല്കൊണ്ട് കണ്ണട ഒന്നു കൂടി ഉയര്‍ത്തി വെച്ചു.കണ്ണുകളിലെ ഗൗരവം തൊണ്ടയിലേക്ക് വരുത്തി മറുപടി പറഞ്ഞു.

" ഒരു ഉത്തരാധുനിക ബുദ്ധിജീവി എന്ന നിലയ്ക് എനിക്കു വധുവിനെ കുറിച്ച് ചില സങ്കല്പങ്ങളൊക്കെയുണ്ട്"
അവള്‍ നെറ്റി ചുളിച്ച് ഡാവിഞ്ചിക്കുപോലും തിരിച്ചറിയാനാവാത്ത ഒരു പുതിയ ഭാവത്തോടെ ചോദിച്ചു.
"ഹെന്ത്..?"
ഞാന്‍ ചോദിച്ചു:" നീ ദറീദ യെ വായ്ചിട്ടുണ്ടോ..."
അവള്‍ പറഞ്ഞു :"ഹേത് ദറീദ...ഹില്ല.."
ഞാന്‍ വീണ്ടും :"ഫുക്കോ,ഫെഡരിക്‍ ജെയിംസണ്‍,ല്യൊത്താര്‍,ബോദ്രിയാര്‍,ദില്യൂസ്..ഇവരിലാരെയെങ്കിലും..."

തുടര്‍ന്ന് അവള്‍ പരിക്ഷീണയായി നിലത്തു വീഴാതിരിക്കാന്‍ ഒരു കൈ ചാമ്പ മരത്തില്‍ ഊന്നുകയും ഇത്തരുണത്തില്‍ മറ്റേതുകഥയിലുമെന്ന പോലെ രണ്ടു ചാമ്പക്കകള്‍ അടര്‍ന്നു വീഴുകയും അണ്ണാറക്കണ്ണന്‍ പരിഹസിച്ച് ചിലച്ച് ചാമ്പ മരത്തിന്റെ ചില്ലയിലൂടെ ചാടിപ്പോകുകയും ചെയ്തു.


പിന്നെ സുഹൃത്ത് പറഞ്ഞാണറിഞ്ഞത്.അവള്‍ രണ്ടാഴ്ച ഓഫീസില്‍ നിന്ന് ലീവ് എടുത്ത് ഇപ്പോള്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആണ് ഇരുപത്തി നാലു മണിക്കൂറും എന്ന്.

വീണ്ടും രണ്ടാഴ്ച കഴിഞ്ഞു.അതേ ചാമ്പമരം-അതേ അണ്ണാറക്കണ്ണന്‍-ഞാന്‍ പിന്നെ അവള്‍ :

ഗൗരവം വിടാതെ ഞാന്‍ പറഞ്ഞു.

"ഏതായാലും നല്ല പുസ്തകങ്ങളിലുള്ള നിന്റെ താത്പര്യവും പുതിയ സാഹിത്യ ലോകത്തെ കൗതകത്തോടെ നോക്കികാണുന്ന നിന്റെ വായനാശീലവും എന്നില്‍ മതിപ്പുളവാക്കിയിരിക്കുന്നു.ഇനി നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്"

ഏതൊ ഒരു ഉത്തരാധുനിക സാഹിത്യകാരന്റെ പുസ്തകം വലതു കയ്യില്‍‍ നിന്ന് ഇടതു കയ്യിലേക്ക് മാറ്റുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

"ഹ ഹ..വിവാഹം...!! വിവാഹം എന്നത് ഒരു സ്ഥാപനവത്കരണ മനോഭാവത്തിന്റെ ഉത്പന്നമാണ്..സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്മേല്‍ പുരുഷന്റെ അധിനിവേശമായിട്ടാണ് ഞാന്‍ അതിനെ ഉള്‍ക്കൊള്ളുന്നത്.ഇത്തരം എസ്റ്റാബ്ലിഷ്മെന്‍റുകള്‍ സമൂഹത്തിന്‍റെ അനാവശ്യമായ അടിച്ചേല്പിക്കലുകളാണെന്ന് കുറച്ചു കൂടി ഉയര്‍ന്ന ബൗദ്ധികതലത്തില്‍ നിന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും."
എന്‍റെ കണ്ണിലേക്ക് ഇരുട്ട് കയറി.അണ്ണാറക്കണ്ണന്‍ ചിലച്ചോ ആവൊ..എന്തായാലും എന്റെ തലയിലേക്ക് ചാമ്പക്കകള്‍ ഇപ്പോഴും അടര്‍ന്നു വീണൂ കൊണ്ടിരിക്കുകയാണ്..!!!!!


....