Friday, May 7, 2010

പിണറായി വിജയന് ഒരു തിരുത്ത്.

സുഹറാബിയോട് കാദര്‍ കുട്ടി ഇന്റര്‍നെറ്റ് കഫെയില്‍ വരാമ്പാടില്ലാന്ന് പലപ്രാവശ്യം പറഞ്ഞതാണ്.പക്ഷെ സുഹറാബീ ക്ലാസ്സു കഴിഞ്ഞ് വരുമ്പൊ കാദര്‍ കുട്ടീടെ കഫെയില്‍ കേറീട്ടെ വരൂ."അതിനെന്താ നമ്മടെ നിക്കാഹ് ഉറപ്പിച്ചതല്ലേ""ഇഷ്ടം കൊണ്ടല്ലേ ഇക്കാ" തുടങ്ങിയ സത്യങ്ങള്‍ അവള്‍ പറയുമ്പൊ കാദര്‍ കുട്ടി എതിര്‍ക്കില്ല.പക്ഷെ തന്റെ ബീവി ആകാന്‍ പോന്ന പെണ്ണിനെ കഫെയിലിരിക്കുന്ന തല തെറിച്ച ആണ്‍പിള്ളേര്‍ ഒളി കണ്ണിട്ടു നോക്കുമ്പൊ കാദര്‍ കുട്ടി പറയും.."സുഹറാ നീ ബീട്ടീ പോ".

പക്ഷെ അന്ന് കഫേയില്‍ ആരും ഉണ്ടാരുന്നില്ല.അതു കൊണ്ട് അവര്‍ കിന്നാരം പറഞ്ഞു.കൂട്ടത്തില്‍ കമ്പ്യൂട്ടറില്‍ ഒരു വല്ല്യ വീട് കണ്ടപ്പോ സുഹറാബീ ചോദിച്ചു"ഇതാരുടെ വീടാ?" കാദര്‍കുട്ടി ചിരിച്ചോണ്ട് പറഞ്ഞു"ഇന്നു വന്ന ഈ മെയിലാണ്.പിണറായി വിജയന്റെ വീടാന്നാ പറയുന്നത്".സുഹറാബിക്ക് പിണറായി വിജയനോട് വല്ലാത്ത ആരാധന തോന്നി.'എന്തു വല്ല്യ വീടുള്ള ആള്.'


പിറ്റേന്ന് നസീര്‍ക്ക പത്രം വായ്ക്കുമ്പൊ പറയുന്നത് കേട്ടു.പിണറായി വിജയന്റെ പേരില്‍ വലിയ വീടിന്റെ പടം കൊടുത്ത് കള്ള വാര്‍ത്ത് പ്രചരിപ്പിക്കുന്നു.പിണറായി കേസ് ഫയല്‍ ചെയ്തു എന്നൊക്കെ.പക്ഷെ സുഹറാക്ക് അതിന്റെ പൊരുള്‍ മനസ്സിലായില്ല.അവള്‍ തന്നത്താന്‍ ചോദിച്ചു."വല്ല്യ വീടുണ്ടായാല്‍ നല്ലതല്ലെ".വല്ല്യ വീടിന്റെ അരികിലൂടെ ചെറുപ്പത്തില്‍ നടക്കുമ്പൊ സുഹറ ബാപ്പാന്റെ കയ്യില്‍ പിടിച്ച് ഉയര്‍ന്ന് ചാടി അതിന്റെ മുറ്റം കാണാന്‍ പറ്റ്വോന്ന് നോക്കും.അപ്പൊ ബാപ്പ പറയും"ജ്ജ് നെലത്ത് നിക്കടീ".അതില്‍ പിന്നെ സുഹറ നിലത്തു നിന്നിട്ടേ ഉള്ളൂ.എന്നാലും കാദര്‍ കുട്ടീടെ കൂടെ വല്ല്യ വീടുണ്ടാക്കണംന്ന് സുഹറ മോഹിക്കാണ്ടിരുന്നില്ല.

അന്ന് കഫേയിലെത്ത്യപ്പോള്‍ സുഹറ കാദര്‍കുട്ടിയോട് ആ ചോദ്യം ചോദിച്ചു.അപ്പോള്‍ കാദര്‍ കുട്ടി പറഞ്ഞു."കമ്മ്യൂണിസ്റ്റ് കാര്‍ക്ക് വല്യ വീട് പാടില്ല.അവര്‍ ബൂര്‍ഷ്വാസി ആകും".സുഹറാബീക്ക് മുഴുവന്‍ മനസ്സിലായില്ല.എന്നാലും അവള്‍ക്ക് കമ്മ്യൂണിസ്റ്റ് കാരോട് ദേഷ്യം തോന്നി.ഇനി കാദര്‍കുട്ടീം കമ്മ്യൂണിസ്റ്റാരിക്കുമോ.."ന്റെ റബ്ബേ കാദര്‍ കുട്ടി കമ്മ്യോണിസ്റ്റാവല്ലേ" സുഹറാബി പ്രാര്‍ഥിച്ചു.

വിവാഹം കഴിഞ്ഞ് ആദ്യരാത്രിയില്‍ സുഹറാബീ കാദര്‍കുട്ട്യോട് ആ ചോദ്യം ചോദിച്ചു."കാദര്‍ക്ക ങ്ങള് കമ്മ്യോണിസ്റ്റാണോ" .തന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ അത്ഭുതപ്പെട്ട് കാദര്‍കട്ടി ചോദിച്ചു."അല്ല എന്താ പൊന്നേ"."ഒന്നൂല്യ ബെറുക്കനെ ചോയ്ച്ചതാ".ബാക്കി പറയും മുന്‍പ് അവളുടെ ചുണ്ടുകളെ കാദര്‍കുട്ട്യുടെ ഒരു ചുംബനം വന്നു മൂടി.അപ്പോ വല്ല്യ വീടില്‍ കാദര്‍കുട്ട്യുടെ കൂടെ നടക്കുന്നത് സുഹറാബീ മനസ്സില്‍ കണ്ടു.അവള്‍ മനസ്സില്‍ ഉറപ്പിച്ചു"ന്റെ കാദര്‍ക്കാ കമ്മ്യൂണിസ്റ്റാവില്ല.ബൂര്‍ഷ്വാസി തന്നെ ആരിക്കും"


===============================

4 comments:

അശോക് കർത്താ said...

ആ പിണറായി ഒന്ന് വിടന്റസ്സെ!

Satheesh Sahadevan said...

hahahaha,,,,,,,,,,,,,,great...

Anonymous said...

"കാദര്‍ക്ക ങ്ങള് കമ്മ്യോണിസ്റ്റാണോ" .തന്റെ ഭാര്യയുടെ രാഷ്ട്രീയ പ്രബുദ്ധതയില്‍ അത്ഭുതപ്പെട്ട് കാദര്‍കട്ടി ചോദിച്ചു

ha.ha.ha..............nice

VG said...

kollam..nalla narmam..