Friday, June 6, 2008

ഉത്തരാധുനികഥ-ചാമ്പക്ക-അണ്ണാറക്കണ്ണന്‍-പ്രണയം എറ്റ്സട്ര...!!

അന്ന് ചാമ്പ മരച്ചുവട്ടില്‍,ചൊടികളില്‍ ഉദയ സൂര്യന്റെ ചുവപ്പുമായി പൂഴിമണലില്‍ കാല്‍ വിരല്‍ കൊണ്ട് വൃത്തം വരച്ച് നാണത്തോടെ അവള്‍ ഇപ്രകാരം പറഞ്ഞു.

"നമുക്ക് വിവാഹം കഴിക്കാം..."
ഞാന്‍ വിചാരിച്ചു.എല്ലാം ഒരു മകാരം വാരിക കഥപോലെ ഇരിക്കുന്നു.
അവള്‍ പൂഴിയില്‍ വരച്ച വൃത്തത്തിന്‍റെ ഡയമീറ്റര്‍ പോലും കിറു കൃത്യം.
ഞാന്‍ എന്റെ വലതു കയ്യുടെ ചൂണ്ടു വിരല്കൊണ്ട് കണ്ണട ഒന്നു കൂടി ഉയര്‍ത്തി വെച്ചു.കണ്ണുകളിലെ ഗൗരവം തൊണ്ടയിലേക്ക് വരുത്തി മറുപടി പറഞ്ഞു.

" ഒരു ഉത്തരാധുനിക ബുദ്ധിജീവി എന്ന നിലയ്ക് എനിക്കു വധുവിനെ കുറിച്ച് ചില സങ്കല്പങ്ങളൊക്കെയുണ്ട്"
അവള്‍ നെറ്റി ചുളിച്ച് ഡാവിഞ്ചിക്കുപോലും തിരിച്ചറിയാനാവാത്ത ഒരു പുതിയ ഭാവത്തോടെ ചോദിച്ചു.
"ഹെന്ത്..?"
ഞാന്‍ ചോദിച്ചു:" നീ ദറീദ യെ വായ്ചിട്ടുണ്ടോ..."
അവള്‍ പറഞ്ഞു :"ഹേത് ദറീദ...ഹില്ല.."
ഞാന്‍ വീണ്ടും :"ഫുക്കോ,ഫെഡരിക്‍ ജെയിംസണ്‍,ല്യൊത്താര്‍,ബോദ്രിയാര്‍,ദില്യൂസ്..ഇവരിലാരെയെങ്കിലും..."

തുടര്‍ന്ന് അവള്‍ പരിക്ഷീണയായി നിലത്തു വീഴാതിരിക്കാന്‍ ഒരു കൈ ചാമ്പ മരത്തില്‍ ഊന്നുകയും ഇത്തരുണത്തില്‍ മറ്റേതുകഥയിലുമെന്ന പോലെ രണ്ടു ചാമ്പക്കകള്‍ അടര്‍ന്നു വീഴുകയും അണ്ണാറക്കണ്ണന്‍ പരിഹസിച്ച് ചിലച്ച് ചാമ്പ മരത്തിന്റെ ചില്ലയിലൂടെ ചാടിപ്പോകുകയും ചെയ്തു.


പിന്നെ സുഹൃത്ത് പറഞ്ഞാണറിഞ്ഞത്.അവള്‍ രണ്ടാഴ്ച ഓഫീസില്‍ നിന്ന് ലീവ് എടുത്ത് ഇപ്പോള്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആണ് ഇരുപത്തി നാലു മണിക്കൂറും എന്ന്.

വീണ്ടും രണ്ടാഴ്ച കഴിഞ്ഞു.അതേ ചാമ്പമരം-അതേ അണ്ണാറക്കണ്ണന്‍-ഞാന്‍ പിന്നെ അവള്‍ :

ഗൗരവം വിടാതെ ഞാന്‍ പറഞ്ഞു.

"ഏതായാലും നല്ല പുസ്തകങ്ങളിലുള്ള നിന്റെ താത്പര്യവും പുതിയ സാഹിത്യ ലോകത്തെ കൗതകത്തോടെ നോക്കികാണുന്ന നിന്റെ വായനാശീലവും എന്നില്‍ മതിപ്പുളവാക്കിയിരിക്കുന്നു.ഇനി നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്"

ഏതൊ ഒരു ഉത്തരാധുനിക സാഹിത്യകാരന്റെ പുസ്തകം വലതു കയ്യില്‍‍ നിന്ന് ഇടതു കയ്യിലേക്ക് മാറ്റുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

"ഹ ഹ..വിവാഹം...!! വിവാഹം എന്നത് ഒരു സ്ഥാപനവത്കരണ മനോഭാവത്തിന്റെ ഉത്പന്നമാണ്..സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്മേല്‍ പുരുഷന്റെ അധിനിവേശമായിട്ടാണ് ഞാന്‍ അതിനെ ഉള്‍ക്കൊള്ളുന്നത്.ഇത്തരം എസ്റ്റാബ്ലിഷ്മെന്‍റുകള്‍ സമൂഹത്തിന്‍റെ അനാവശ്യമായ അടിച്ചേല്പിക്കലുകളാണെന്ന് കുറച്ചു കൂടി ഉയര്‍ന്ന ബൗദ്ധികതലത്തില്‍ നിന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും."
എന്‍റെ കണ്ണിലേക്ക് ഇരുട്ട് കയറി.അണ്ണാറക്കണ്ണന്‍ ചിലച്ചോ ആവൊ..എന്തായാലും എന്റെ തലയിലേക്ക് ചാമ്പക്കകള്‍ ഇപ്പോഴും അടര്‍ന്നു വീണൂ കൊണ്ടിരിക്കുകയാണ്..!!!!!


....

16 comments:

ശ്രീ said...

ഹ ഹ, കിടിലന്‍!
:)

[തെങ്ങിന്റെ ചുവട്ടില്‍ നിന്ന് ഡയലോഗ് ഇടാതിരുന്നതു ഭാഗ്യം!]
;)

Indiascribe Satire/കിനാവള്ളി said...

ഒരു ഗുണപാഠം . ഓഫര്‍ വന്നാല്‍ ഉടന്‍ സ്വീകരിക്കുക . അല്ലെങ്കില്‍ ദുഖിക്കെണ്ടി വരും , എന്തായാലും കല്ല്യാണം കഴിഞ്ഞിട്ടില്ലായിരുന്നല്ലൊ . അല്ലെങ്കില്‍ വിവാഹമോചനത്തില്‍ കലാശിച്ചേനെ. ചിലപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ കാശും കൊടുക്കേണ്ടി വരും .

ഫസല്‍ ബിനാലി.. said...

നന്നായിരിക്കുന്നു, ആശംസകള്‍

ഗോപക്‌ യു ആര്‍ said...

മോനെ ദിനേശാ, നീയാളുകൊള്ളൊം കെട്ടൊ;എല്ലാം നല്ല്ല രചനകള്‍...ജനലഴി അടക്കാതിരിക്കുക!

സൂര്യോദയം said...

രസകരമായിരിക്കുന്നു. ചാമ്പമരത്തില്‍ വട്ടം പിടിച്ചു നിന്നോളൂ... വീഴാതിരിക്കട്ടെ.. ചാമ്പക്കകള്‍ വീണോട്ടെ.. പിന്നെ, പറക്കിയെടുത്ത്‌ വീട്ടില്‍പോകാമല്ലോ.. :-)

കുറ്റ്യാടിക്കാരന്‍|Suhair said...

Very Good...
:)

OAB/ഒഎബി said...

ഉത്തരാധുനികറ് അതറ്ഹിക്കുന്നു.tit for tat.
ശ്രീ പറഞ്ഞ പോലെ വല്ല തെങ്ങിന്‍ ചുവട്ടിലൊ, പ്ലാവിന്‍ ചുവട്ടിലൊ ആയിരുന്നെങ്കില്‍... ന്റെ പടച്ചോനെ..

Kiranz..!! said...

അതു കലക്കി നരേന്‍.

ഓടോ :- ബൂര്‍ഷ്വാസികള്‍ക്കെതിരെ നെഞ്ച് വിരിച്ച് നിന്നു പോരാടാന്‍ താ‍ല്പര്യമുണ്ടോ എന്നു ചോദിക്കാഞ്ഞത് നന്നായി,ഗാട്ടാഗുസ്തി പഠിച്ചു വന്നു അടിച്ച് മലത്തിക്കളഞ്ഞേനെ..:)അല്ലേലും ബാച്ച്‌ലേഴ്സിന്റെ ഒരൊരോ പ്രോബ്ലംസേ..:)

മൂര്‍ത്തി said...

കലക്കന്‍.......ഹഹഹ..കപ്പിയ മണ്ണ് തുപ്പിക്കളഞ്ഞിട്ട് കുറച്ച് കൂടി ചിരിക്കണം...:)

Jayasree Lakshmy Kumar said...

ഈ ഉത്തരാധുനീകത അങ്ങു ശരിക്കും ഇഷ്ടായി

...: അപ്പുക്കിളി :... said...
This comment has been removed by a blog administrator.
വിജി പിണറായി said...

ആദ്യത്തെ കമന്റ് തന്നെ 'തിരുത്ത്‌' കൊണ്ടു തുടങ്ങുന്നത് ശരിയോ എന്ന് ചോദിക്കരുത്... വന്നു കയറിയപാടെ ഒരു 'തിരുത്തല്‍ വാദി' ആകുന്നതു ജനലഴികള്‍ ദുര്‍ബലമാകരുത് എന്ന് കരുതി പറയുകയാണെന്ന് കരുതി ക്ഷമിക്കുക... 'ഉത്തരാധുനിക'യുടെ ഉത്തരാധുനിക രൂപം ആണോ ഈ 'ഉത്തരാധുനിക'?

ഏതായാലും ഉത്തരാധുനിക പ്രണയത്തിനു ഇങ്ങനെ ഒരു 'കുഴപ്പം' ഉണ്ടെന്നു പറഞ്ഞു തന്നത് നന്നായി...! വെട്ടില്‍ വീഴാതെ സൂക്ഷിക്കാമല്ലോ...!

prathi said...

ഹ ഹ അത് കലക്കി.....

ധന്യാദാസ്. said...

ഹ ഹ ഹ ഹ!!!!
കിടിലൻ.. കിക്കിടിലൻ... നല്ലൊരു കൊട്ടായിപ്പോയി... ജനലഴിയ്ക്ക് ഒരിക്കലും കർട്ടൻ ഇടണ്ട ട്ടോ..

VG said...

ഹ ഹ..

അപർണ said...

കുട്ടി ഒളിവിലെ ഓര്‍മ്മകള്‍ വായിച്ചിട്ടുണ്ടോ..??