രാമകൃഷ്ണേട്ടന്‍ ചന്ദ്രന്‍ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ സര്‍ നല്ല ഫിറ്റായിരുന്നു.
" സാറേ നല്ല ഫിറ്റാണല്ലോ.." രാമകൃഷ്ണേട്ടന്റെ സ്നേഹിതനാണെങ്കിലും ചന്ദ്രന്‍ സാറിനെ രാമകൃഷ്ണേട്ടന്‍ അങ്ങനെയാണ് വിളിക്കാറ്.
" ആ, രാമഷ്ണാ..ഇന്നൊരു പുതിയ ബ്രാന്‍ഡ് കിട്ടി ..നല്ല പൊളപ്പന്‍..ഒന്നടിച്ചപ്പോ തന്നെ നല്ല കിക്ക്..."
പുതിയ ബ്രാന്‍ഡോ..!! രാമകൃഷ്ണേട്ടന്റെ പുരികക്കൊടികള്‍ വില്ലു കുലച്ചു.ഞാനറിയാതെ ഏതാപ്പാ പുതിയ ബ്രാന്‍ഡ്...!! ദുനിയാവിലെ ഒട്ടുമിക്ക ബ്രാന്‍ഡുകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച രാമകൃഷ്ണേട്ടന്‍ സ്വകാര്യം പറയുമ്പോലെ ചോദിച്ചു.
"അല്ല , ഏതാ സാറേ ആ പുതിയ ബ്രാന്‍ഡ്..?"
ചന്ദ്രന്‍ സാറ് ഫുള്‍ കിക്കില്‍ പ്രതിവചിച്ചു.
"ഹാ..പുതിയ ഒന്ന്..പാലക്കണ്ണ്..!!"
പാലക്കണ്ണ്...!! കൊള്ളാമല്ലൊ. കേട്ടപ്പോള്‍ തന്നെ രാമകൃഷ്ണേട്ടന്റെ തൊണ്ടയിലേക്ക് ഒരു കവിള്‍ ഉമിനീര്‍ കുത്തിയൊലിച്ചിറങ്ങി.പേരു കേട്ടാലറിയാം കിടിലനാരിക്കും. നല്ല നാടന്‍ മിക്സ് ചെയ്ത ഫോറിന്‍ ആകുമോ. പേരിലാകെ ഒരു നാടന്‍ മയം..!! പക്ഷെ ചന്ദ്രന്‍ സാറ് തന്നെ പോലെ നാടനടിക്കുന്ന ആളല്ല.
രാമകൃഷ്ണേട്ടന്‍ ഒന്നു കൂടി ചന്ദ്രന്‍ സാറിന്റെ അടുക്കലേക്ക് ഒടിഞ്ഞ് മടങ്ങി ഇരുന്നു.
"സാറേ,ഒരല്പം ഇങ്ങോട്ടെടുക്കുമോ..എനിക്ക് വേണം.ഒരു തുള്ളി കിട്ടിയാലും മതി..."
നെല്ല് ചോദിക്കുന്ന അടിയാനോട് ജന്മി ഉത്തരം പറയുന്ന ശബ്ദം തൊണ്ടയിലേക്ക് ആവാഹിച്ച് ചന്ദ്രന്‍ സാറ് മറുപടി പറഞ്ഞു.
"ആ, രാമഷ്ണന്‍ ഇരിക്ക് ..ഉണ്ടോന്നറിയില്ല..ഞാന്‍ നോക്കട്ടെ."
ചന്ദ്രന്‍ സാറ് അകത്തേക്ക് പോയപ്പോള്‍ യുക്തിവാദി അസ്സോസിയേഷന്റെ ജില്ല കമ്മറ്റി കണ്‍വീനറാണ് താന്‍ എന്ന കാര്യം പോലും ഓര്‍ക്കാതെ ചരിത്രത്തിലാദ്യമായി രാമകൃഷ്ണേട്ടന്‍ സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു."ഭഗവാനേ,സര്‍വ്വശക്താ, ഒരു തുള്ളിയെങ്കിലും ബാക്കി കാണണേ..."
ചന്ദ്രന്‍ സാറ് മടങ്ങി വന്നു..കയ്യിലൊരു കുപ്പി.അതിലൊരു പരുന്തു പറക്കുന്ന ചിത്രം.അതിനു താഴെ "Falcon" എന്ന് എഴുതിയിരിക്കുന്നു.
ചന്ദ്രന്‍ സാറ് ഗൗരവം വിടാതെ പറഞ്ഞു.
"കുറച്ചേയുള്ളൂ..പാലക്കണ്ണ്...ബാക്കി അകത്തിരിക്കുന്നതൊക്കെ ബ്രാന്‍ഡ് വേറെയാ..."
രാമകൃഷ്ണേട്ടന്‍ എഴുന്നേറ്റു.ഡിപ്പാര്‍ട്മെന്റിലുള്ള ചന്ദ്രന്‍ സാറിന്റെ സീനിയോറിറ്റിയും പ്രായത്തിലുള്ള ബഹുമാനവും മറന്ന് ഇങ്ങനെ ഗര്‍ജ്ജിച്ചു.
"നായിന്റെ മോനെ,ഇതാണോടാ പാലക്കണ്ണ്...ഇത് ഫാല്‍ക്കണ്‍..ഇതിന്റെ മോളില്‍ ഞാനൊരു പാട് നെരങ്ങിയിട്ടുള്ളതാ..പാലക്കണ്ണാത്രേ..പാലക്കണ്ണ്...!!ഇംഗ്ലീഷ് വായിക്കാനറിയില്ലേല്‍ ടൂഷ്യനു പോണം...ബാക്കിയുള്ളവരെ വടിയാകാനായിട്ട് നടക്കുന്നു...."
ബാക്കി രാമകൃഷ്ണേട്ടന്‍ പറഞ്ഞത് എന്തൊക്കെ ആണെന്ന് ചന്ദ്രന്‍ സാറ് കേട്ടില്ല...!!
Friday, May 9, 2008
Subscribe to:
Post Comments (Atom)
1 comment:
ഹി..ഹി..ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു...:-)
Post a Comment