Monday, May 19, 2008

എന്തുകൊണ്ട് തളത്തില്‍ ദിനേശന്‍ അഥവാ നീല രക്തമുള്ള പെണ്‍കുട്ടി..!!

നീലരക്തമുള്ള പെണ്‍കുട്ടീ..
നിന്നെ ഞാനാദ്യം കണ്ടത്
തെരുവോരത്തെ സിനിമാ പോസ്റ്ററിലായിരുന്നു.
മസാലമണക്കുന്ന അക്ഷരങ്ങള്‍ പൊതിഞ്ഞ്
അനാവൃതമായ മാംസക്കഷണങ്ങളുമായി
നീ ഒരു ചില്ലി ചിക്കനെ ഓര്‍മ്മിപ്പിച്ചു.

പിന്നെ അര്‍ദ്ധരാത്രിയില്‍
റെയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തും
ആളൊഴിഞ്ഞ ബസ് സ്റ്റോപ്പുകളില്‍
മുല്ലപ്പൂമണം ചുരത്തുന്ന മുടിയിഴകള്‍ക്കുള്ളിലും
നിന്റെ മുഖം ഓര്‍മ്മിപ്പിച്ചത്
അറവുകാരനെ തിരയുന്ന ആട്ടിന്‍ പറ്റത്തെയാണ്

പിന്നെ നഗരത്തിന്റെ മഞ്ഞ വെളിച്ചങ്ങളിലൂടെ
അവന്റെ ബൈക്കിന്റെ പുറകിലും
ഐസ്ക്രീം പാറ്ലറിന്റെ ഒഴിഞ്ഞ കോണിലും
പബ്ബുകളിലും ഷോപ്പിങ് മാലുകളിലും
ഒരു കുപ്പി ബിയറായി നീ പതഞ്ഞു തീരുന്നതും
എനിക്കു കാണാമായിരുന്നു.

ബോയ്സ് ഹോസ്റ്റലിന്റെ
മച്ചിനു മുകളിലുള്ള ചിത്ര പുസ്തകങ്ങളില്‍ മാത്രമല്ല
ഇന്നലെ അവിനാശിനൊപ്പം
തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന
ജീന്‍സിട്ട പെണ്‍കുട്ടിക്കും
അതേ മുഖമായിരുന്നു.

ഒടുവില്‍ സുഹൃത്ത്
പുറത്തേക്കു ചൂണ്ടുന്ന
ഓരോ വിരലിന്റെ അറ്റത്തും
ചോര കല്ലിച്ച് നിന്റെ നീല മുഖം
തെളിയാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ എന്നെത്തന്നെ ഭയപ്പെട്ടു തുടങ്ങി.

അതു കൊണ്ടായിരുന്നു സ്നേഹിതേ
നീ ഇന്നലെ എന്നോട്
മഴത്തുള്ളികളുടെ സംഗീതത്തെകുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ കണ്ണുകളടച്ചത്

എന്തെന്നാല്‍
നിനക്കും ഒരുപക്ഷെ
അവളുടെ മുഖമാണെങ്കിലൊ
നീല രക്തമുള്ള പെണ്‍കുട്ടിയുടെ മുഖം..!!

6 comments:

സുല്‍ |Sul said...

nannaayittund naren.

kanji kudikkunnavananelum raathri sanchaaratthinoru kuravumilla llye.

-sul

കുഞ്ഞന്‍ said...

നരേന്‍,

ഇഷ്ടമായി...

എടി പെണ്ണെ..എന്തിനു നീയിങ്ങനെ അഴിഞ്ഞാടി നടക്കുന്നു അതൊ നിന്നെ നടത്തിപ്പിക്കുന്നതൊ..?

ചിതല്‍ said...

ഇതിന്ന് മുമ്പ് പോസ്റ്റ് ചെയ്ത് ഡിലീറ്റാക്കിയതാണോ....
ഇവിടെ കണ്ട ഫീലിങ്ങ്,,,
നന്നായിട്ടൂണ്ട്...

ഫസല്‍ ബിനാലി.. said...

"എന്തുകൊണ്ട് തളത്തില്‍ ദിനേശന്‍ അഥവാ നീല രക്തമുള്ള പെണ്‍കുട്ടി..!!"

ഇത്ര നല്ല വരികള്‍ക്ക് ഈയൊരു തല വാചകമോ?

Jayasree Lakshmy Kumar said...

ഹ ഹ. ആ തലക്കെട്ട് എനിക്കിഷ്ടമായി. തളത്തില്‍ ദിനേശന്റെ പോലെ ആകാതെ നോക്കണം കെട്ടോ. ആ നീലക്കണ്ണാടി എടുത്തു മാട്ടിയാല്‍ രക്തത്തിന്റെ നിറം ചുവപ്പ് തന്നെയല്ലേ?

ഒരു തളത്തില്‍ ദിനേശനെ ഞാനും പോസ്റ്റിയിട്ടുണ്ട്, മാരണമായി തോന്നുന്ന ഒരു സംരക്ഷണത്തിന്റെ രൂപത്തില്‍

Unknown said...

nice. ..neither poem nor fiction ...