Friday, May 23, 2008

അഗ്നിശുദ്ധി...!!!

"നിന്നെ കണ്ടാലറിയാം നിന്റെ കണ്ണുകള്‍ കണ്ടാലറിയാം
നീ ആരെയോ ഇതിനു മുന്‍പ് പ്രണയിച്ചിട്ടുണ്ട്..."

ഞാന്‍ അഗ്നിശുദ്ധിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അവള്‍ കരഞ്ഞു.ഒന്നും പറഞ്ഞില്ല.

ഞാന്‍ പറഞ്ഞു:
" ഞാന്‍ കേട്ടിട്ടുണ്ട് പെണ്ണുങ്ങള്‍ കരഞ്ഞു കാണിച്ച് ആണുങ്ങളെ പറ്റിക്കാറുണ്ടെന്ന്.എടീ നീ സത്യം പറയണം.നാലു കൊല്ലം കോളേജില്‍ പഠിച്ചിട്ടും നീ ആരെയും പ്രേമിച്ചിട്ടില്ല..??"

അവള്‍ വീണ്ടും കരഞ്ഞു.
അഗ്നിശുദ്ധി നടത്താന്‍ വേണ്ടി കൂട്ടി വച്ച വിറകുകള്‍ ഒരു ചിതയെ ഓര്‍മ്മിപ്പിച്ചു.
"ഇത്രയും സുന്ദരിയായ നിന്നെ ആരും പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്.ഞാന്‍ നിനക്ക് അഗ്നിശുദ്ധം വിധിക്കുന്നു..!!"

അവള്‍ പിന്നെയും കരഞ്ഞു.കനലുകള്‍ എരിഞ്ഞു കത്തി.
നെയ്യൊഴിക്കുമ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്ന പോലെ തീ നാളങ്ങള്‍ നാവു നീട്ടി.

"ഇതാ നിന്റെ ചാരിത്ര്യം തെളിയിക്കാന്‍ ഒരവസരം.അഗ്നി കള്ളം പറയില്ല."

തീയുടെ വെളിച്ച്ത്തിലൂടെ അവളുടെ കണ്ണീര്‍കണങ്ങള്‍ തിളങ്ങി.
അവളുടെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം വന്നു.

പിന്നീടവള്‍ ഒരഭ്യാസിയെ പോലെ എന്നെയെടുത്ത് ചുഴറ്റി അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു.
ഞാന്‍ എരിഞ്ഞു കത്താന്‍ തുടങ്ങി.---

Monday, May 19, 2008

എന്തുകൊണ്ട് തളത്തില്‍ ദിനേശന്‍ അഥവാ നീല രക്തമുള്ള പെണ്‍കുട്ടി..!!

നീലരക്തമുള്ള പെണ്‍കുട്ടീ..
നിന്നെ ഞാനാദ്യം കണ്ടത്
തെരുവോരത്തെ സിനിമാ പോസ്റ്ററിലായിരുന്നു.
മസാലമണക്കുന്ന അക്ഷരങ്ങള്‍ പൊതിഞ്ഞ്
അനാവൃതമായ മാംസക്കഷണങ്ങളുമായി
നീ ഒരു ചില്ലി ചിക്കനെ ഓര്‍മ്മിപ്പിച്ചു.

പിന്നെ അര്‍ദ്ധരാത്രിയില്‍
റെയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തും
ആളൊഴിഞ്ഞ ബസ് സ്റ്റോപ്പുകളില്‍
മുല്ലപ്പൂമണം ചുരത്തുന്ന മുടിയിഴകള്‍ക്കുള്ളിലും
നിന്റെ മുഖം ഓര്‍മ്മിപ്പിച്ചത്
അറവുകാരനെ തിരയുന്ന ആട്ടിന്‍ പറ്റത്തെയാണ്

പിന്നെ നഗരത്തിന്റെ മഞ്ഞ വെളിച്ചങ്ങളിലൂടെ
അവന്റെ ബൈക്കിന്റെ പുറകിലും
ഐസ്ക്രീം പാറ്ലറിന്റെ ഒഴിഞ്ഞ കോണിലും
പബ്ബുകളിലും ഷോപ്പിങ് മാലുകളിലും
ഒരു കുപ്പി ബിയറായി നീ പതഞ്ഞു തീരുന്നതും
എനിക്കു കാണാമായിരുന്നു.

ബോയ്സ് ഹോസ്റ്റലിന്റെ
മച്ചിനു മുകളിലുള്ള ചിത്ര പുസ്തകങ്ങളില്‍ മാത്രമല്ല
ഇന്നലെ അവിനാശിനൊപ്പം
തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന
ജീന്‍സിട്ട പെണ്‍കുട്ടിക്കും
അതേ മുഖമായിരുന്നു.

ഒടുവില്‍ സുഹൃത്ത്
പുറത്തേക്കു ചൂണ്ടുന്ന
ഓരോ വിരലിന്റെ അറ്റത്തും
ചോര കല്ലിച്ച് നിന്റെ നീല മുഖം
തെളിയാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ എന്നെത്തന്നെ ഭയപ്പെട്ടു തുടങ്ങി.

അതു കൊണ്ടായിരുന്നു സ്നേഹിതേ
നീ ഇന്നലെ എന്നോട്
മഴത്തുള്ളികളുടെ സംഗീതത്തെകുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ കണ്ണുകളടച്ചത്

എന്തെന്നാല്‍
നിനക്കും ഒരുപക്ഷെ
അവളുടെ മുഖമാണെങ്കിലൊ
നീല രക്തമുള്ള പെണ്‍കുട്ടിയുടെ മുഖം..!!

Friday, May 16, 2008

ഉല്‍ക്ക..!!

ഇന്നലെ വീട്ടിന്റെ മുറ്റത്ത്
ഒരു ഉല്‍ക്ക വന്നു വീണു.
ആലിപ്പഴമാണെന്നാണ്
ആദ്യം കരുതിയത്..!!

ഉല്‍ക്ക വാതത്തിന്
നല്ല മരുന്നാണെന്നും
പൊടിച്ച് ചേര്‍ത്ത്
കുഴമ്പാക്കിനടുവിനു തേച്ചാല്‍
നടു വേദന പമ്പ കടക്കുമെന്നും
കുഞ്ഞിരാമന്‍ വൈദ്യര്‍...!!

പക്ഷെ യഥാര്‍ത്ഥത്തില്‍
കുഞ്ഞിരമന്‍ വൈദ്യര്‍
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഉല്‍ക്ക വീണാല്‍
അത് ഉടന്‍ തന്നെ കുഴിച്ചിടണമെന്നും
വീട്ടിനുള്ളില്‍ ഉല്‍ക്ക വെക്കുന്നത്
ഭാഗ്യക്കേട് വരുത്തുമെന്നും
ജ്യോതിഷഭൂഷണം പിഷാരടി...!!!

അല്ലാ, യഥാര്‍ത്ഥത്തില്‍
പിഷാരടി
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!

ഒടുവില്‍ ഉല്‍ക്കപ്പുറത്തെ
പച്ചപ്പ് കണ്ട് പിടിച്ച്
അന്യഗ്രഹ ജീവികളുണ്ടെന്ന്
തര്‍ക്കിക്കാന്‍ തുടങ്ങി
എക്സോ ബയോളജിസ്റ്റ്
രാമചന്ദ്രന്‍ സാറ്...!!!

ഏതായാലും..
അത് ഉല്‍ക്കയല്ലെന്നും
താന്‍ മാങ്ങയെറിഞ്ഞപ്പോള്‍
കല്ല് വന്ന് മുറ്റത്തു
വീണതാണെന്നും
അയല്പക്കത്തെ
ഉണ്ണിക്കുട്ടന്‍ പറയുന്നത് വരെ
കോലാഹലം
തുടര്‍ന്നു കൊണ്ടേയിരുന്നു...!!

Friday, May 9, 2008

പാലക്കണ്ണ്...!!

രാമകൃഷ്ണേട്ടന്‍ ചന്ദ്രന്‍ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ സര്‍ നല്ല ഫിറ്റായിരുന്നു.
" സാറേ നല്ല ഫിറ്റാണല്ലോ.." രാമകൃഷ്ണേട്ടന്റെ സ്നേഹിതനാണെങ്കിലും ചന്ദ്രന്‍ സാറിനെ രാമകൃഷ്ണേട്ടന്‍ അങ്ങനെയാണ് വിളിക്കാറ്.
" ആ, രാമഷ്ണാ..ഇന്നൊരു പുതിയ ബ്രാന്‍ഡ് കിട്ടി ..നല്ല പൊളപ്പന്‍..ഒന്നടിച്ചപ്പോ തന്നെ നല്ല കിക്ക്..."
പുതിയ ബ്രാന്‍ഡോ..!! രാമകൃഷ്ണേട്ടന്റെ പുരികക്കൊടികള്‍ വില്ലു കുലച്ചു.ഞാനറിയാതെ ഏതാപ്പാ പുതിയ ബ്രാന്‍ഡ്...!! ദുനിയാവിലെ ഒട്ടുമിക്ക ബ്രാന്‍ഡുകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച രാമകൃഷ്ണേട്ടന്‍ സ്വകാര്യം പറയുമ്പോലെ ചോദിച്ചു.
"അല്ല , ഏതാ സാറേ ആ പുതിയ ബ്രാന്‍ഡ്..?"
ചന്ദ്രന്‍ സാറ് ഫുള്‍ കിക്കില്‍ പ്രതിവചിച്ചു.
"ഹാ..പുതിയ ഒന്ന്..പാലക്കണ്ണ്..!!"
പാലക്കണ്ണ്...!! കൊള്ളാമല്ലൊ. കേട്ടപ്പോള്‍ തന്നെ രാമകൃഷ്ണേട്ടന്റെ തൊണ്ടയിലേക്ക് ഒരു കവിള്‍ ഉമിനീര്‍ കുത്തിയൊലിച്ചിറങ്ങി.പേരു കേട്ടാലറിയാം കിടിലനാരിക്കും. നല്ല നാടന്‍ മിക്സ് ചെയ്ത ഫോറിന്‍ ആകുമോ. പേരിലാകെ ഒരു നാടന്‍ മയം..!! പക്ഷെ ചന്ദ്രന്‍ സാറ് തന്നെ പോലെ നാടനടിക്കുന്ന ആളല്ല.

രാമകൃഷ്ണേട്ടന്‍ ഒന്നു കൂടി ചന്ദ്രന്‍ സാറിന്റെ അടുക്കലേക്ക് ഒടിഞ്ഞ് മടങ്ങി ഇരുന്നു.
"സാറേ,ഒരല്പം ഇങ്ങോട്ടെടുക്കുമോ..എനിക്ക് വേണം.ഒരു തുള്ളി കിട്ടിയാലും മതി..."

നെല്ല് ചോദിക്കുന്ന അടിയാനോട് ജന്മി ഉത്തരം പറയുന്ന ശബ്ദം തൊണ്ടയിലേക്ക് ആവാഹിച്ച് ചന്ദ്രന്‍ സാറ് മറുപടി പറഞ്ഞു.
"ആ, രാമഷ്ണന്‍ ഇരിക്ക് ..ഉണ്ടോന്നറിയില്ല..ഞാന്‍ നോക്കട്ടെ."
ചന്ദ്രന്‍ സാറ് അകത്തേക്ക് പോയപ്പോള്‍ യുക്തിവാദി അസ്സോസിയേഷന്റെ ജില്ല കമ്മറ്റി കണ്‍വീനറാണ് താന്‍ എന്ന കാര്യം പോലും ഓര്‍ക്കാതെ ചരിത്രത്തിലാദ്യമായി രാമകൃഷ്ണേട്ടന്‍ സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു."ഭഗവാനേ,സര്‍വ്വശക്താ, ഒരു തുള്ളിയെങ്കിലും ബാക്കി കാണണേ..."

ചന്ദ്രന്‍ സാറ് മടങ്ങി വന്നു..കയ്യിലൊരു കുപ്പി.അതിലൊരു പരുന്തു പറക്കുന്ന ചിത്രം.അതിനു താഴെ "Falcon" എന്ന് എഴുതിയിരിക്കുന്നു.

ചന്ദ്രന്‍ സാറ് ഗൗരവം വിടാതെ പറഞ്ഞു.
"കുറച്ചേയുള്ളൂ..പാലക്കണ്ണ്...ബാക്കി അകത്തിരിക്കുന്നതൊക്കെ ബ്രാന്‍ഡ് വേറെയാ..."

രാമകൃഷ്ണേട്ടന്‍ എഴുന്നേറ്റു.ഡിപ്പാര്‍ട്മെന്റിലുള്ള ചന്ദ്രന്‍ സാറിന്റെ സീനിയോറിറ്റിയും പ്രായത്തിലുള്ള ബഹുമാനവും മറന്ന് ഇങ്ങനെ ഗര്‍ജ്ജിച്ചു.
"നായിന്റെ മോനെ,ഇതാണോടാ പാലക്കണ്ണ്...ഇത് ഫാല്‍ക്കണ്‍..ഇതിന്റെ മോളില്‍ ഞാനൊരു പാട് നെരങ്ങിയിട്ടുള്ളതാ..പാലക്കണ്ണാത്രേ..പാലക്കണ്ണ്...!!ഇംഗ്ലീഷ് വായിക്കാനറിയില്ലേല്‍ ടൂഷ്യനു പോണം...ബാക്കിയുള്ളവരെ വടിയാകാനായിട്ട് നടക്കുന്നു...."

ബാക്കി രാമകൃഷ്ണേട്ടന്‍ പറഞ്ഞത് എന്തൊക്കെ ആണെന്ന് ചന്ദ്രന്‍ സാറ് കേട്ടില്ല...!!