Friday, April 25, 2008

വാക്ക്

ഏറ്റവും മനോഹരമായ
വാക്ക് "അമ്മ" എന്നാണ്....
പിന്നെ "കവിത" എന്നത്...
പിന്നെ "നീ" എന്നത്...
പിന്നെ "ഞാന്‍" എന്നത്
പിന്നെ...
ഇതില്‍ ഒടുവിലത്തെ
മൂന്നു മനോഹരമായ
വാക്കുകള്‍ ചേര്‍ന്ന്
ലോകത്തിലെഏറ്റവും സുന്ദരമായ
അഞ്ചാമത്തെ വാക്ക് ജനിക്കുന്നു.....
അതാണ് "പ്രണയം" എന്ന വാക്ക്...!!

Tuesday, April 22, 2008

"ഒന്നും ആയില്ല. അല്ലേ..??"

അന്ന് ഞാന്‍ പണിയൊന്നുമില്ലതെ തെക്ക് വടക്ക് നടക്കുന്ന കാലം...അപ്പോഴാണ് ചെല്ലപ്പേട്ടന്‍ എന്നോടാദ്യമായി ചോദിച്ചത്....
"ഒന്നും ആയില്ല. അല്ലേ..??"
പിന്നീടൊരു ജോലി കിട്ടും വരെ ചെല്ലപ്പേട്ടനെ കാണാതെ മുങ്ങിനടന്നു....ഒടുവില്‍ ഭാഗ്യത്തിന് ജീവിക്കാന്‍ വേണ്ട ഒരു ജോലി കിട്ടി.വീട്ടുകാര്‍ എന്റെ കല്യാണാലോചനയും തുടങ്ങി അപ്പോഴണ് ചെല്ലപ്പേട്ടന്‍ പഴയ ചോദ്യവുമായ് മുന്നില്‍ പെട്ടത്.......
"ഒന്നും ആയില്ല. അല്ലേ..??"
ഇനി ഒരു കല്യാണം കഴിക്കാതെ ചെല്ലപ്പേട്ടന്റെ മുന്നിലെത്തില്ലെന്ന് പ്രതിജ്ഞ എടുത്ത് കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി ഒട്ടിച്ചു വെച്ച് ഞാന്‍ നടന്നു.....ഒടുവില്‍ ഭാഗ്യത്തിന് ഒരു പെണ്ണും കിട്ടി..അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേ, ചെല്ലപ്പേട്ടന്‍ വീണ്ടും മുന്നില്‍....
"ഒന്നും ആയില്ല. അല്ലേ..??"
അങ്ങനെ ഇരിക്കെ ഒരു മകന്‍ പിറന്നു...ലവനെയും കൂട്ടി ഇനി എന്നോട് എന്തു ചോദിക്കും ചെല്ലപ്പേട്ടന്‍ എന്നും വിചാരിച്ച് തല ഉയര്‍ത്തി ചെല്ലപ്പേട്ടനെ ഒന്നു കണ്ടു കിട്ടാന്‍ നടക്കുന്ന കാലത്താണ് എനിക്ക് ഒരു ആക്സിഡന്റ് പറ്റിയത്.ഐ സി യു വില്‍ ആരോടും സംസാരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും ചെല്ലപ്പേട്ടന്‍ കാണാന്‍ വന്നപ്പോള്‍ ചോദിക്കുന്നതിനു മുന്‍പെ തന്നെ ഞാന്‍ പറഞ്ഞു...
"ഉം..മിക്കവാറും അടുത്തു തന്നെ ഒരു തീരുമാനമാകും..."
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു...ഇപ്പോള്‍ നാട്ടില്‍ ചെല്ലപ്പേട്ടനില്ല..പക്ഷെ ഒരുപാട് ചെല്ലപ്പേട്ടന്‍ മാരുണ്ട്...!!

Wednesday, April 16, 2008

വിട..!!

സ്നേഹിതാ...!!
ഓര്‍മ്മകളുടെ പൂക്കാലം
കൊഴിഞ്ഞു തീരുകയാണ്....
മറവിയുടെ പേക്കാലം
വരുന്നതിന്‍ മുന്‍പ്
ഞാന്‍ തിരിഞ്ഞ് നടക്കുകയാണ്...
നന്ദി..!!
എന്നിലേക്ക് പടര്‍ന്ന
ചില്ലകള്‍ക്കും
എന്നില്‍ നിന്നടര്‍ന്ന
വേരുകള്‍ക്കും അറിയാതെയും പറയാതെയും
പോയ വാക്കുകള്‍ക്കും....
വിട...!!
എല്ലാ വഴികളും
ഇരുട്ടുന്നതിന്‍ മുന്‍പ്
അവശേഷിക്കുന്ന വെളിച്ചത്തിലൂടെ
എനിക്ക് തിരിച്ചു പറന്നേ തീരൂ..
ഒരു പക്ഷേ
ആകാശം നഷ്ടപ്പെട്ടേക്കാമെങ്കിലും...!!

Monday, April 7, 2008

ദൂസര...!!!

" അങ്കിള്‍ ...ദൂസരാ എന്ന് പറഞ്ഞാല്‍ എന്താ ...?"
അങ്കിള്‍ എന്ന് വിളിച്ചതില്‍ ലേശം വിഷമമായെന്കിലും ചോദിക്കുന്നത് മലയാളി അല്ലെ എന്ന് കരുതി ഞാന്‍ വിശദീകരിച്ചു ....
"ഈ ദൂസരന്നു പറഞ്ഞാ spinner മാരുടെ ഒരു തരം bowling ശൈലിയാണ് ... അതു ആദ്യമായ് എറിഞ്ഞത് മുസ്ത്താക് അഹമ്മദ് ആണോ സക്ലൈന്‍ ആണോന്നു മറന്നുപോയി ...പിന്നെ നമ്മടെ ഹര്‍ഭജന്‍ ദൂസരയും തീസരയുമൊക്കെ എറിഞ്ഞ..."
പറഞ്ഞു തീരും മുന്‍പേ അവന്‍ പറഞ്ഞു...
"മതി മതി..ഇത്രേം മതി.."
സ്വന്തം വിവരത്തില്‍ അഭിമാന പുളകിതനായി ഒന്ന് കൂടി തലയുയര്‍ത്തി ഞാന്‍ അവനോടു ചോദിച്ചു...
"ആട്ടെ നീ എന്തിനാ ചോദിച്ചത്..."
അവന്‍ എന്ത് തിരയുന്നതിന് ഇടക്ക് ധൃതിയില്‍ പറഞ്ഞു...
"എയ്..ഒന്നൂല്ല ..'ഏതു ധൂസര സന്കല്പങ്ങളില്‍ പിറന്നാലും..,ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും' എന്ന ..ബുക്കില്‍ കണ്ടു ..."
പിന്നെ ഞാന്‍ നോക്കി നോക്കിനില്കെ അവന്‍ ബാറ്റും ബൊളുമെടുത്ത് ഓടിക്കളഞ്ഞു ...!!!
ഹും...അപ്പോള്‍ എനിക്ക് മനസ്സിലായി ഈ ഡല്‍ഹി ജീവിതം എന്നിലെ മലയാളിയേയും കുറേശ്ശെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു....!!!

Friday, April 4, 2008

പ്രതിവിപ്ലവം..!!

ആന ചങ്ങലയെ മെരുക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു....

പക്ഷെ സംഭവിക്കുന്നത് ഇതാണ്....

ചങ്ങലയെക്കാള്‍ മുമ്പെ
ആന മെരുങ്ങിക്കഴിഞ്ഞിരിക്കും...!!!

Tuesday, April 1, 2008

ചൂണ്ട..!!

ഒരേ വെയിലില്‍
നമ്മള്‍ നനയുന്നു...

ഒരേ ചിന്തകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു...!!!

ഒരേ കാഴ്ചകളില്‍
അകപ്പെട്ടിരിക്കുന്നു

ഒരേ ചിറകുകളില്‍
സ്വപ്നം കാണുന്നു.

കൈകള്‍ കോര്‍ത്തും
ഉച്ഛ്വാസങ്ങള്‍ ചേര്‍ത്തും
നമ്മള്‍ ഒന്നായിരുന്നു

എന്നിട്ടും...

ഒരേചൂണ്ടലില്‍ കോര്‍ത്ത്
വലിച്ചെറിയപ്പെട്ട
ഇരകളാണ് നാം
എന്ന തിരിച്ചറിവ്
ആഴങ്ങളില്‍
നമ്മെ ശ്വാസം മുട്ടിക്കുന്നു..!!

ഒരു സ്റ്റീരിയൊ ടൈപ് പ്രണയ കവിത..

പുഴയെ തോല്പിച്ച്
ഞാന്‍ നീന്താന്‍ പഠിച്ചു...

ഉയരങ്ങള്‍ കീഴടക്കി ഞാന്‍
ആകാശത്തെ തോല്പിച്ചു

സ്വപ്നങ്ങള്‍ കണ്ട്
ഞാന്‍ ജീവിതത്തെ തോല്പിച്ചു...

പിന്നെ നീ പ്രണയം കൊണ്ട്
എന്നെ തോല്പിക്കാന്‍ തുടങ്ങിയപ്പോള്‍

മരണം കൊണ്ട് ഞാന്‍
എന്നെ തന്നെ തോല്പിച്ചു...

റേഡിയോ തെറാപ്പി...!!

പ്രണയം
ഒരു മൈക്രൊവേവ് റേഡിയേഷന്‍
പോലെയാണ്...

ഒരു മൊബൈല്‍ ഫോണ്‍
കോളിനൊപ്പം
നിശബ്ദനായി കടന്നു വന്നേക്കാം

ഓരോ ചുംബനത്തിലും
മരണം കാത്തു വെച്ചേക്കാം
ഓരോ തലോടലുകളും
നഖപ്പാടുകള്‍ വീഴ്ത്തിയേക്കാം....

ഒടുവില്‍
‍തിരിച്ചറിയുക..
മുറിച്ചു മാറ്റാനവാത്ത വിധം
നിന്റെ ജീവാണുക്കളില്‍
‍അത് ഒരു കാന്‍സറായി
പടര്‍ന്നതിനുശേഷം
മാത്രമാണ്...!!!