Sunday, December 21, 2008

മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്

"യുവര്‍ ഗുഡ് നെയിം"
"പാര്‍വ്വതി"
"നേറ്റീവ് പ്ലേസ്"
"കേരള.."
പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.'പാര്‍വ്വതി ഓമനക്കുട്ടന്റെ നാട്ടില്‍ നിന്നു തന്നെയാണല്ലോ..അതുകൊണ്ടായിരിക്കണം മലയാളി പെണ്‍കുട്ടികള്‍ ഇത്ര സുന്ദരിമാരായിരിക്കുന്നത്...'എന്നൊക്കെ.ഇടവിട്ടുള്ള ചിരികള്‍ക്കും കുസൃതി നിറഞ്ഞ നോട്ടങ്ങള്‍ക്കുമിടയില്‍ അയാള്‍ പാര്‍വ്വതി എന്ന പേരു കേരളത്തിലെ സ്ത്രീ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് നെയിം ആക്കി തീര്‍ക്കുന്നതായി പാര്‍വ്വതിക്ക് തോന്നി.
കോള്‍ സെന്റര്‍ ഇന്റര്‍വ്യൂകളെ പറ്റി പലരും പറഞ്ഞിട്ടുള്ളതാണ്.ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് ആ ജോലി അത്ര ചേരില്ലെന്നും..!!എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ ബി ടെക് ഡിഗ്രീ സര്‍ട്ടിഫികറ്റിനു കടലാസിന്റെ വില ആയപ്പോള്‍ തീരുമാനിച്ചതാണ്,എന്തെങ്കിലും ഒരു ജോലി.ഇനിയും വീട്ടില്‍ നിന്നു പണം അയച്ചുതരാന്‍ പറയാന്‍ പറ്റില്ല.

അയാള്‍ അടുത്ത ചോദ്യമെറിഞ്ഞു.തന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ പരിശോധനയുടെ അടുത്ത ഘട്ടം.

"വിച്ച് ഇസ് യുവര്‍ ഫേവറയിറ്റ് കളര്‍"
"റെഡ്"
"വൈ ?"
തന്റെ ഇഷ്ടങ്ങള്‍ക്കും കാരണങ്ങള്‍ നിരത്തേണ്ടിയിരിക്കുന്നു.മഹാനഗരങ്ങളിലെ സംസ്കാരം അതാണ്...ഇവിടെ കാരണമില്ലാതെ ആരും ഒന്നും ചെയ്യാറില്ല.

എങ്കിലും പറഞ്ഞു. ചുവപ്പിനെ പറ്റി...പ്രണയത്തിന്റെ തുടിപ്പുമായി ആര്‍ക്കൊക്കെയോ കൊടുക്കാതെ പോയ ചുവന്ന പനിനീര്‍പ്പൂവുകളെ പറ്റി...!!എല്ലാഹൃദയങ്ങളില്‍ നിന്നും ഞരമ്പുകളിലൂടെ യുവത്വം പായിക്കുന്ന ചുവപ്പിനെ പറ്റി...!!കേരളത്തിന്റെ സംസ്കാരത്തില്‍ വിപ്ലവം നിറച്ച ചുവപ്പിനെ പറ്റി...!!മഴവില്ലിന്റെ അവസാനത്തെ നിറത്തെ പറ്റി..!! ഓരോ സായാഹ്നവും പങ്കുവെക്കുന്ന അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പിനെ പറ്റി..!!

ഒടുവില്‍ പാര്‍വ്വതി അയാളുടെ നേരെ നോക്കി.അയാളുടെ മുഖത്ത് എപ്പൊഴും പറ്റിപ്പിടിച്ചു നില്‍കുന്ന ചിരി അയാളുടെ ജോലിയുടെ ശീലം മാത്രമാണെന്നെവള്‍ക്കു തോന്നി.ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു.
"യുവര്‍ കമ്മ്യൂണിക്കേഷന്‍ ഇസ് ഓകെ..ബട്.."

ബട്........

"യൂ ഹാവ് അ സ്ട്രോങ് മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്..!!"

ഇന്റെര്‍വ്യൂ മുറിയുഇല്‍ നിന്നു പുറത്തു വരുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സില്‍ പരാജയബോധത്തേക്കാള്‍ മറ്റെന്തൊക്കെയോ ആയിരുന്നു. തന്റെ ഓരോ വാക്കിലും മലയാളിത്തം കടന്നുകൂടുന്നത്രെ.മാതൃഭാഷയുടെ അവസാനവേരുമറുത്ത് ഇംഗ്ലീഷുകാരനോട് രാപ്പകല്‍ ഭേദമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ അഭിവാദനം പറയുവാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ള ജോലി.

പുറത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഇന്ററ്വ്യൂ റൂമിലേക്ക് ധൃതിയല്‍ കടന്നു പോകുന്നതു അവള്‍ കണ്ടു.അവളുടെ നീല ജീന്‍സിനു മുകളില്‍ അലസമായി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന അസുഖകരമായ ഫലിതം അവളെ ചിരിപ്പിച്ചില്ല.പണ്ടു കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.


.

9 comments:

ശ്രീ said...

ചെറുതെങ്കിലും നല്ല ആശയം.

manoj said...

നരന്‍, നിന്റെ എഴുത്തില്‍ അതീവ ചാരുത നിറഞ്ഞിരിക്കുന്നു. കഥപറച്ചിലിനൊരു ഒഴുക്കുവന്നിരിക്കുന്നു.. ഈ ഒഴുക്കാണു ഭാഷയുടെ ഊര്‍ജ്ജം.. ചുവപ്പിനെക്കുറിച്ച് പറയുന്ന വരികള്‍ നീ ഉജ്ജ്വലമാക്കിയിരിക്കുന്നു.
കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.
അതെ ഏതൊരു മലയാളിക്കും തികട്ടിത്തികട്ടി വരേണ്ട രുചി തന്നെയാണത്.. ഒരിക്കലും നാവു മറക്കാതിരിക്കാന്‍ ! അതു മറക്കുന്നതാണു മലയാളിയുടെ ദുരന്തം..!

പകല്‍കിനാവന്‍ | daYdreaMer said...

നല്ല എഴുത്ത് .....
മുലപ്പാലില്‍ ഞാന്‍ മനോജിന്റെ പക്ഷം പിടിക്കുന്നു...
ആശംസകള്‍...

prathi said...

അതെ...
എഴുത്തിനു നല്ല ഭംഗി....

Jayasree Lakshmy Kumar said...

നല്ല എഴുത്ത്
നന്മകൾ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വശ്യവും ലളിതവുമായ ഭാഷ.ഇത്തരം കഥകളാണു അന്യം നിന്ന് പോകുന്നത്.നരേൻ...വളരെ മനോഹരമായിരിയ്ക്കുന്നു !

ഒരു ചെറിയ വികാരം, ആശയം അവതരിപ്പിയ്ക്കാനുള്ളതാണു ചെറു കഥ എന്ന അടിസ്ഥാനപരമായ ‘സംഗതി’യിൽ നരേൻ വിജയിച്ചിരിയ്ക്കുന്നു

ഓ.ടോ: നീ ഒരു ബ്ലോഗ് എഴുതുന്ന കാര്യം ഇതു വരെ മറച്ചു വച്ചതിനു ഞാൻ വച്ചിട്ടുണ്ട്.

കമന്റ് എഴുതുമ്പോളുള്ള ‘വേർഡ് വേരിഫിക്കേഷൻ” എടുത്തു മാറ്റുക

നിരക്ഷരൻ said...

എല്ലാവര്‍ക്കും അവരവരുടേതായ ആക്‍സെന്റ് ഉണ്ട് ഏത് മറുഭാഷ സംസാരിക്കുമ്പോഴും. അതില്ലാതാക്കിയാല്‍ എല്ലാമാകും എന്ന് പറയുന്നവരോട് എനിക്കും യോജിക്കാന്‍ വയ്യ.

നന്നായിരിക്കുന്നു കഥ.

ആരോമല്‍ said...

:)
സുഖമുള്ള എഴുത്ത്

VG said...

nalloru cheru katha..