Saturday, June 26, 2010

പറയാതെ പോയ തെറികള്‍.

പറയാതെ പോയ തെറികള്‍
എഴുതാതെ പോയ
കവിതകള്‍ പോലെയാണ്.
അത് മനസ്സില്‍ ബാധ്യതയായി
കാത്തു കെട്ടിക്കിടക്കും.

ചിലപ്പോള്‍ നാവിന്‍ തുമ്പില്‍
തെറിച്ചു നില്‍ക്കും
വാക്കുകള്‍ക്കിടയില്‍
തുറിച്ചു നില്‍ക്കും.

മറ്റു ചിലത് തൊണ്ടയില്‍
കുരുങ്ങിക്കിടക്കുന്നുണ്ടാവും
ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച്
കലഹിച്ചു കൊണ്ട്.

ഒരുകള്ളു കുടിയന്റെയോ
വേശ്യയുടെയോ നാവില്‍
ജനിച്ചാല്‍ മതിയായിരുന്നെന്ന്
ചില പച്ചത്തെറികള്‍
ആത്മഗതം ചെയ്യുന്നത്
ഞാന്‍ കേള്‍ക്കാറുണ്ട്.

മീന്മാര്‍ക്കറ്റില്‍
സ്വാതന്ത്ര്യം ആഘോഷിക്കുന്ന
തെറികളോട് അവര്‍
അസൂയപ്പെടാറുണ്ട്.

ഇന്നലെ സ്കൂള്‍കുട്ടിയെ
ബസ്സില്‍ വെച്ച് കണ്ടക്ട്രര്‍
ഭീഷണിപ്പെടുത്തിയപ്പൊഴും
മുസീറ്റിലിരുന്ന പെണ്‍കുട്ടിയെ
പാന്‍പരാഗു ചവച്ചു കൊണ്ട്
മറ്റൊരുത്തന്‍ ചവിട്ടിയപ്പൊഴും
എന്റെ നാവിന്‍ തുമ്പിലേക്ക്
രണ്ട് തെറികള്‍ പാഞ്ഞുകയറിയതാണ്.


പക്ഷെ വെള്ളക്കോളര്‍ കുടുക്കില്‍
ശ്വാസം മുട്ടിമരിച്ച്
അവയെല്ലാം രക്തസാക്ഷികളായി.

പ്രീയപ്പെട്ട തെറികളെ
നിങ്ങള്‍ നിരാശരാകരുത്
ഒരിക്കല്‍ ഞാന്‍
എന്റെ പുറം കുപ്പായമൂരി
നിങ്ങളൂടെ അവകാശപ്രഖ്യാപനവുമായി
ഒരു ബാറിലോ,മീന്‍ മാര്‍ക്കെറ്റിലോ
അലഞ്ഞുതിരിയും


അല്ലെങ്കില്‍ എല്ലാം കൂടി
ഒരുനാള്‍ ഒരു കതിന പോലെ
എന്റെ തൊണ്ടക്കുഴിയില്‍ വെച്ച്
പൊട്ടിത്തെറിക്കും എന്നെനിക്കറിയാം.

6 comments:

ഷിബു ചേക്കുളത്ത്‌ said...

ആ സുദിനം എത്രയും വേഗം വരട്ടെ എന്നാശംസിക്കുന്നു

Lathika subhash said...

ഹഹഹാ‍. കൊള്ളാം. നിസ്സഹായത.

manoj said...

നരന്‍,
നിന്റെ കവിതകളില്‍ പലതും ഏകമുഖമായതിന്റെ കാരണം ഞാന്‍ തിരക്കിയിട്ടില്ല. നിന്റെ എഴുത്തുപുരയില്‍ ഏറ്റവും കൂടുതല്‍ പണിക്കുറ്റം തീര്‍ത്ത് നീ സൃഷ്ടിക്കുന്ന ശില്പങ്ങള്‍ക്ക് പ്രണയ ഭാവമാണു കൂടുതല്‍. ഒരു പക്ഷേ പ്രണയത്തിന്റെ ആകുലതയോ അല്ലെങ്കില്‍ പ്രണയ നിറവോ ആവാം കാരണം.
എന്നാല്‍ ഈ കവിത. ഇതില്‍ മനസ്സിന്റെ ചില വിങ്ങലുകളും പ്രതിക്ഷേധങ്ങളുമുണ്ട്. അതോടൊപ്പം നിസഹായതയും.
കവിത തനിയെ ഊര്‍ന്നു വന്നതിനാലാവാം വാക്കുകള്‍ക്കിടയില്‍ ഒട്ടും വിടവുകളില്ല.. നന്നായ് ചേര്‍ത്തുകെട്ടിയിരിക്കുന്നു.. കവിതയെന്ന നിലയില്‍ ന്യൂനതകളില്ലാത്ത എഴുത്ത്.

പാമരന്‍ said...

liked it :)

അനൂപ്‌ .ടി.എം. said...

ഒന്ന്‌ അറിഞ്ഞു തെറി വിളിച്ചിട്ട് എത്ര കാലമായി..!!
മ..മ്
മത്തങ്ങ തലയാ..!!

Vishnudas said...

Wow