Sunday, December 21, 2008
മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്
"പാര്‍വ്വതി"
"നേറ്റീവ് പ്ലേസ്"
"കേരള.."
പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.'പാര്‍വ്വതി ഓമനക്കുട്ടന്റെ നാട്ടില്‍ നിന്നു തന്നെയാണല്ലോ..അതുകൊണ്ടായിരിക്കണം മലയാളി പെണ്‍കുട്ടികള്‍ ഇത്ര സുന്ദരിമാരായിരിക്കുന്നത്...'എന്നൊക്കെ.ഇടവിട്ടുള്ള ചിരികള്‍ക്കും കുസൃതി നിറഞ്ഞ നോട്ടങ്ങള്‍ക്കുമിടയില്‍ അയാള്‍ പാര്‍വ്വതി എന്ന പേരു കേരളത്തിലെ സ്ത്രീ സൗന്ദര്യത്തിന്റെ ബ്രാന്‍ഡ് നെയിം ആക്കി തീര്‍ക്കുന്നതായി പാര്‍വ്വതിക്ക് തോന്നി.
കോള്‍ സെന്റര്‍ ഇന്റര്‍വ്യൂകളെ പറ്റി പലരും പറഞ്ഞിട്ടുള്ളതാണ്.ഗ്രാമത്തിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന തന്നെ പോലുള്ളവര്‍ക്ക് ആ ജോലി അത്ര ചേരില്ലെന്നും..!!എങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലില്‍ ബി ടെക് ഡിഗ്രീ സര്‍ട്ടിഫികറ്റിനു കടലാസിന്റെ വില ആയപ്പോള്‍ തീരുമാനിച്ചതാണ്,എന്തെങ്കിലും ഒരു ജോലി.ഇനിയും വീട്ടില്‍ നിന്നു പണം അയച്ചുതരാന്‍ പറയാന്‍ പറ്റില്ല.
അയാള്‍ അടുത്ത ചോദ്യമെറിഞ്ഞു.തന്റെ കമ്മ്യൂണിക്കേഷന്‍ സ്കില്‍ പരിശോധനയുടെ അടുത്ത ഘട്ടം.
"വിച്ച് ഇസ് യുവര്‍ ഫേവറയിറ്റ് കളര്‍"
"റെഡ്"
"വൈ ?"
തന്റെ ഇഷ്ടങ്ങള്‍ക്കും കാരണങ്ങള്‍ നിരത്തേണ്ടിയിരിക്കുന്നു.മഹാനഗരങ്ങളിലെ സംസ്കാരം അതാണ്...ഇവിടെ കാരണമില്ലാതെ ആരും ഒന്നും ചെയ്യാറില്ല.
എങ്കിലും പറഞ്ഞു. ചുവപ്പിനെ പറ്റി...പ്രണയത്തിന്റെ തുടിപ്പുമായി ആര്‍ക്കൊക്കെയോ കൊടുക്കാതെ പോയ ചുവന്ന പനിനീര്‍പ്പൂവുകളെ പറ്റി...!!എല്ലാഹൃദയങ്ങളില്‍ നിന്നും ഞരമ്പുകളിലൂടെ യുവത്വം പായിക്കുന്ന ചുവപ്പിനെ പറ്റി...!!കേരളത്തിന്റെ സംസ്കാരത്തില്‍ വിപ്ലവം നിറച്ച ചുവപ്പിനെ പറ്റി...!!മഴവില്ലിന്റെ അവസാനത്തെ നിറത്തെ പറ്റി..!! ഓരോ സായാഹ്നവും പങ്കുവെക്കുന്ന അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പിനെ പറ്റി..!!
ഒടുവില്‍ പാര്‍വ്വതി അയാളുടെ നേരെ നോക്കി.അയാളുടെ മുഖത്ത് എപ്പൊഴും പറ്റിപ്പിടിച്ചു നില്കുന്ന ചിരി അയാളുടെ ജോലിയുടെ ശീലം മാത്രമാണെന്നെവള്‍ക്കു തോന്നി.ഒരു നിമിഷത്തിനു ശേഷം അയാള്‍ പറഞ്ഞു.
"യുവര്‍ കമ്മ്യൂണിക്കേഷന്‍ ഇസ് ഓകെ..ബട്.."
ബട്........
"യൂ ഹാവ് അ സ്ട്രോങ് മദര്‍ ടങ് ഇന്‍ഫ്ലുവന്‍സ്..!!"
ഇന്റെര്‍വ്യൂ മുറിയുഇല്‍ നിന്നു പുറത്തു വരുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സില്‍ പരാജയബോധത്തേക്കാള്‍ മറ്റെന്തൊക്കെയോ ആയിരുന്നു. തന്റെ ഓരോ വാക്കിലും മലയാളിത്തം കടന്നുകൂടുന്നത്രെ.മാതൃഭാഷയുടെ അവസാനവേരുമറുത്ത് ഇംഗ്ലീഷുകാരനോട് രാപ്പകല്‍ ഭേദമില്ലാതെ ഉച്ചാരണ ശുദ്ധിയോടെ അഭിവാദനം പറയുവാന്‍ കഴിയുന്നവര്‍ക്കു മാത്രമുള്ള ജോലി.
പുറത്തേക്ക് നടക്കുമ്പോള്‍ മറ്റൊരു പെണ്‍കുട്ടി ഇന്ററ്വ്യൂ റൂമിലേക്ക് ധൃതിയല്‍ കടന്നു പോകുന്നതു അവള് കണ്ടു.അവളുടെ നീല ജീന്സിനു മുകളില്‍ അലസമായി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന അസുഖകരമായ ഫലിതം അവളെ ചിരിപ്പിച്ചില്ല.പണ്ടു കുടിച്ച മുലപ്പാലിന്റെ രുചി വീണ്ടും വീണ്ടും തികട്ടി വരുന്നതായി പാര്‍വ്വതിക്ക് തോന്നി.
.
Monday, December 8, 2008
ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ...!!
പമെന്നോതി -നടുങ്ങീ ഞാന്‍,
പല പല കമനികള്‍ വന്നൂ,വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍.
കിന്നരകന്യക പോലെ ചിരിച്ചെന്
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി :"യെനിക്കവിടുത്തെ
പൊന്നോടക്കുഴല് മതിയല്ലൊ.
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു
പൊന്നോടക്കുഴലാണല്ലൊ.."
(ചങ്ങമ്പുഴ---'മനസ്വിനി')
ഇന്‍ഫോസിസില്‍ പ്ലേസ്ഡ് ആയ ഉടന്‍ തന്നെ എന്റെ ആത്മ സുഹൃത്ത് ഹരിയില്‍ കോളേജിലെ ഒന്നാം നമ്പര്‍ ബ്യൂട്ടി ക്യൂനിന് കൂണുപോലെ മുളച്ച പ്രണയം, അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെ ബലൂണ്‍ പോലെ പൊട്ടിയതറിഞ്ഞ് അതിന്റെ മനോവിഷമത്തില്‍ നിന്നു മുഖം തിരിക്കാന്‍ പത്രമെടുത്തു മുന്നില്‍ വിടര്‍ത്തി വെച്ചതായിരുന്നൂ ഞാന്‍.അപ്പോഴാണ് പത്രത്തില്‍ ആകസ്മികമായി ആ പരസ്യം കണ്ടത്.
"ഹിന്ദു യുവതി,അതിസുന്ദരി,ഇരുപത് വയസ്സ്,ഉയര്‍ന്ന സാമ്പത്തികം,വിദേശത്ത് നഴ്സ്,കൊണ്ടു പോകും,ബാധ്യതകളില്ല.വരന്റെ സാമ്പത്തികം,ജോലി,ജാതി,മതം എന്നിവ പ്രശ്നമല്ല.അനുയോജ്യമായ ആലോചനകള്‍ ക്ഷണിക്കുന്നു."
അപ്പോഴാണ് ഒരു തൊഴില്‍ രഹിത അവിവാഹിതന് തീര്‍ച്ചയായും ഒരു പത്രം കണ്ടാല്‍ ആദ്യം നോക്കേണ്ടത് മാട്രിമോണീയല്‍ പേജാണെന്ന അനിവാര്യമായ ബോധോദയം വൈകിയെങ്കിലും എന്നിലുദിച്ചത്.പല പല രമണികള്‍ ,രമണന് ശൈലിയില്‍ എന്നെ നോക്കിക്കൊണ്ട് പാടുകയാണ്."നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടു പോകും...."എന്ന്.ഈ ബുദ്ധി ഒരു വര്‍ഷം മുന്‍പ് തോന്നിയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുടങ്ങാതെ വരുത്തിക്കൊണ്ടിരുന്ന തൊഴില്‍ വാര്‍ത്ത ,തൊഴില്‍ വീഥി,പി എസ് സി ബുള്ളറ്റിന് ,വേക്കന്‍സി അബ്രോഡ് എന്നിവയുടെ വരിസംഖ്യ ലാഭിക്കാമായിരുന്നു.ഏതയാലും വിസ്യ്ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാതിരുനത് ഭാഗ്യമായെന്നെന്നെനിക്കു തോന്നി...
പരസ്യത്തില്‍ കണ്ട നംബറുമായി ബന്ധപ്പെട്ടപ്പോള്‍ "വരന് ആണായിരിക്കണം" എന്നതില്‍ കവിഞ്ഞ യാതൊരു ഡിമാന്‍ഡുകളും ഇല്ലന്നു ബോധ്യമായി.കല്യാണത്തിന്റെ ചിലവും ബ്രോക്കര്‍ ഫീസും കൂടു വധു വഹിക്കുമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കണ്ഫ്യൂഷന് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
ഈ കച്ചവടം നടന്നേക്കും...!! പക്ഷെ ആരാണ് ചരക്ക്..?മാട്രിമോണിയല്‍ പേജില്‍ ഒന്നാം തരം വാനില ഐസ്ക്രീമിന്റെ പരസ്യം ഓര്‍മ്മിപ്പിക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട നീയോ.അതോ കല്യാണവും നടത്തി വിദേശത്തേക്ക് ഒരു ഡക്കറേഷന് കഥകളിരൂപം വാങ്ങുന്ന ലാഘവത്തോടെ നീ പണം കൊടുത്ത് നേടുന്ന ഞാനോ..?
Sunday, September 14, 2008
"പ്രണയബാധിതപ്രദേശം"
"ഒരിടത്ത് രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു.ഒരാണും ഒരു പെണ്ണും.അവര്‍ പരിചയപ്പെട്ടത് ഓര്‍കുട്ട് എന്ന സൗഹൃദ ശൃംഖല വഴിയായിരുന്നു.ഒരിക്കലും തമ്മില്‍ കാണാത്തവര്‍...!! എങ്കിലും ഒരു ദിവസം ഒരാള്‍ മറ്റെയാളോട് പറഞ്ഞു:"ഞാന്‍ നിന്നെ അഗാധമായി പ്രണയിക്കുന്നു."
ഇതു കേള്‍ക്കാന്‍ കൊതിച്ചെന്ന പൊലെ മറ്റെയാള്‍ മറുപടി പറഞ്ഞു:"നിന്റെ പ്രണയം സഹൃദയം ഞാന്‍ സ്വീകരിക്കുന്നു".
അങ്ങനെ ഒരിക്കലും നേരിട്ട് കണ്ടില്ലെങ്കിലും യാഹൂ ചാറ്റിലൂടെയും ഓര്‍ക്കുട്ട് സ്ക്രാപ്പിലൂടെയും അവര്‍ പ്രണയം ഹൃദയം കൊണ്ടും മനസ്സുകൊണ്ടും ആഘോഷിച്ച് തുടങ്ങി."
അപ്പോള്‍ വിക്രമാദിത്യന് പറഞ്ഞു."അതിലെന്താണ് തെറ്റ്..?പ്രണയം മംസ നിബദ്ധമല്ല.അത് നേര്‍കാഴ്ചയെക്കാള്‍ കാഴ്ചപ്പാടുകളുടെ പ്രശ്നമാണ്"
അപ്പോള്‍ വേതാളം കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു:"എന്തരടേ ഇത്.നോ കമന്റ്സ്.തോക്കീക്കേറി വെടിവെക്കല്ലേ...ലവന്റെ ഒരു പോസ്റ്റ് മോഡേണ്‍ ഡയലോഗ്ഗ്..അവസാനം ഒരു കൊസ്റ്റ്യന്‍ ചോദിക്കും..അതിനു കറക്ട് ആന്‍സര്‍ തന്നാ മതി...ഇതൊക്കെ ഡെയിലി പറഞ്ഞു തരണോഡേ...!!!"
വിക്രമാദിത്യന് നിശ്ശബ്ദനായി.ചക്രവര്‍ത്തിയുടെ സ്വര്‍ണ്ണകിരീടത്തില്‍ മിന്നല്‍ പിണരുകള്‍ ചിത്രം വരച്ചുകൊണ്ടിരുന്നു.
വേതാളം തുടര്‍ന്നു.:"അങ്ങനെ അവര്‍ പ്രണയവയോധിയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം കക്ഷി രണ്ടാം കക്ഷിയോട് മൊഴിഞ്ഞു."സുഹൃത്തേ നമ്മുടെ വിവാഹം എന്നായിരിക്കും..?"
അവര്‍ക്കിടയില്‍ പെട്ടെന്നൊരു നിശ്ശബ്ദത പടര്‍ന്നു.ഒടുവില്‍ നിശ്ശബ്ദത ഭഞ്ജിച്ച് രണ്ടാം കക്ഷി പറഞ്ഞു."വീട്ടുകാര്‍,സഹോദരങ്ങളുടെ ഭാവി,പ്രണയം പോലെ അത്ര എളുപ്പമല്ലല്ലോ വിവാഹം"
ഒന്നാം കക്ഷി ഞെട്ടിയില്ല.കാരണം അയാള്‍ക്കും അതു തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.സമൂഹത്തെ കുറിച്ച് ചിന്തിക്കാതെ നിന്റെ പ്രണയം സ്വീകരിച്ച ഞാനും ഉത്തരവാദിയാണ്.ഒരു മോഷണക്കേസിലെ കൂട്ട് പ്രതികളെ പോലെ അവര്‍ നിന്നു.അവര്‍ക്കു മുന്നിലെ കീ ബോര്‍ഡുകളും അവരുടെ പ്രണയത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച യാഹൂ ചാറ്റ് വിന്‍ഡോയും നിശ്ശബ്ദത പാലിച്ചു."
ഇത്രയും പറഞ്ഞ് വേതാളം തന്റെ ചോദ്യത്തിലേക്ക് കടന്നു."എല്ലാ പ്രണയവും വിവാഹത്തിലെത്തണമെന്ന് ഇക്കാലത്ത് ശാഠ്യം പിടിച്ചാല്‍ പറയുന്നവന് വിഡ്ഡിയാകുമെന്നെനിക്കറിയാം.എങ്കിലും ഞാന്‍ ചോദിക്കട്ടെ.ഈ ആശയക്കുഴപ്പത്തിനുത്തരവാദി ആരാണ്..? ഒന്നാം കക്ഷി,രണ്ടാം കക്ഷി,അതോ സമൂഹമോ..?"
വിക്രമാദിത്യനു നേര്‍ക്ക് തന്റെ ചോദ്യമെറിഞ്ഞ് ഒരു വിജേതാവിനെപ്പോലെ വേതാളം തലയുയര്‍ത്തി നോക്കി.
വിക്രമാദിത്യന് പറഞ്ഞു."ഇതിനുത്തരവാദി ഇവരൊന്നുമല്ല.ഓര്‍ക്കുട്ടിനു രൂപം കൊടുത്ത ലവനില്ലേ...ആ ഓര്‍ക്കുട്ട് ബുയോക്കൊക്ടേന്‍.ഇങ്ങനെ കുറെ വേണ്ടാതീനം കണ്ട് പിടിക്കുന്ന ഇവന്മാരെ ഒക്കെ ആണ് നല്ല കണ്ണിച്ചൂരല്‍ കൊണ്ട് അടിക്കേണ്ടത് "
അനന്തരം വേതാളം വിക്രമാദിത്യന്റെ ചുമലില്‍ നിന്നു മരത്തിലേക്ക് പറന്നു.വിക്രമാദിത്യനെ കുടുക്കാന്‍ പുതിയ ചോദ്യം ആലോചിക്കുന്നതിനിടയില്‍ വേതാളം ചിന്തിച്ചു.
"തള്ളേ വിക്രമാദിത്യന് പുലിയാണ് കേട്ടോ.."
=======
Friday, June 6, 2008
ഉത്തരാധുനികഥ-ചാമ്പക്ക-അണ്ണാറക്കണ്ണന്-പ്രണയം എറ്റ്സട്ര...!!
"നമുക്ക് വിവാഹം കഴിക്കാം..."
ഞാന്‍ വിചാരിച്ചു.എല്ലാം ഒരു മകാരം വാരിക കഥപോലെ ഇരിക്കുന്നു.
അവള് പൂഴിയില്‍ വരച്ച വൃത്തത്തിന്റെ ഡയമീറ്റര്‍ പോലും കിറു കൃത്യം.
ഞാന്‍ എന്റെ വലതു കയ്യുടെ ചൂണ്ടു വിരല്‍കൊണ്ട് കണ്ണട ഒന്നു കൂടി ഉയര്‍ത്തി വെച്ചു.കണ്ണുകളിലെ ഗൗരവം തൊണ്ടയിലേക്ക് വരുത്തി മറുപടി പറഞ്ഞു.
" ഒരു ഉത്തരാധുനിക ബുദ്ധിജീവി എന്ന നിലയ്ക് എനിക്കു വധുവിനെ കുറിച്ച് ചില സങ്കല്പങ്ങളൊക്കെയുണ്ട്"
അവള് നെറ്റി ചുളിച്ച് ഡാവിഞ്ചിക്കുപോലും തിരിച്ചറിയാനാവാത്ത ഒരു പുതിയ ഭാവത്തോടെ ചോദിച്ചു.
"ഹെന്ത്..?"
ഞാന്‍ ചോദിച്ചു:" നീ ദറീദ യെ വായ്ചിട്ടുണ്ടോ..."
അവള് പറഞ്ഞു :"ഹേത് ദറീദ...ഹില്ല.."
ഞാന്‍ വീണ്ടും :"ഫുക്കോ,ഫെഡരിക്‍ ജെയിംസണ്,ല്യൊത്താര്‍,ബോദ്രിയാര്‍,ദില്യൂസ്..ഇവരിലാരെയെങ്കിലും..."
തുടര്‍ന്ന് അവള് പരിക്ഷീണയായി നിലത്തു വീഴാതിരിക്കാന്‍ ഒരു കൈ ചാമ്പ മരത്തില്‍ ഊന്നുകയും ഇത്തരുണത്തില്‍ മറ്റേതുകഥയിലുമെന്ന പോലെ രണ്ടു ചാമ്പക്കകള്‍ അടര്‍ന്നു വീഴുകയും അണ്ണാറക്കണ്ണന് പരിഹസിച്ച് ചിലച്ച് ചാമ്പ മരത്തിന്റെ ചില്ലയിലൂടെ ചാടിപ്പോകുകയും ചെയ്തു.
പിന്നെ സുഹൃത്ത് പറഞ്ഞാണറിഞ്ഞത്.അവള് രണ്ടാഴ്ച ഓഫീസില്‍ നിന്ന് ലീവ് എടുത്ത് ഇപ്പോള്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ആണ് ഇരുപത്തി നാലു മണിക്കൂറും എന്ന്.
വീണ്ടും രണ്ടാഴ്ച കഴിഞ്ഞു.അതേ ചാമ്പമരം-അതേ അണ്ണാറക്കണ്ണന്-ഞാന്‍ പിന്നെ അവള് :
ഗൗരവം വിടാതെ ഞാന്‍ പറഞ്ഞു.
"ഏതായാലും നല്ല പുസ്തകങ്ങളിലുള്ള നിന്റെ താത്പര്യവും പുതിയ സാഹിത്യ ലോകത്തെ കൗതകത്തോടെ നോക്കികാണുന്ന നിന്റെ വായനാശീലവും എന്നില്‍ മതിപ്പുളവാക്കിയിരിക്കുന്നു.ഇനി നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്"
ഏതൊ ഒരു ഉത്തരാധുനിക സാഹിത്യകാരന്റെ പുസ്തകം വലതു കയ്യില്‍ നിന്ന് ഇടതു കയ്യിലേക്ക് മാറ്റുന്നതിനിടയില്‍ അവള് പറഞ്ഞു.
"ഹ ഹ..വിവാഹം...!! വിവാഹം എന്നത് ഒരു സ്ഥാപനവത്കരണ മനോഭാവത്തിന്റെ ഉത്പന്നമാണ്..സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്മേല് പുരുഷന്റെ അധിനിവേശമായിട്ടാണ് ഞാന്‍ അതിനെ ഉള്‍ക്കൊള്ളുന്നത്.ഇത്തരം എസ്റ്റാബ്ലിഷ്മെന്റുകള്‍ സമൂഹത്തിന്റെ അനാവശ്യമായ അടിച്ചേല്പിക്കലുകളാണെന്ന് കുറച്ചു കൂടി ഉയര്‍ന്ന ബൗദ്ധികതലത്തില്‍ നിന്നു ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാകും."
എന്റെ കണ്ണിലേക്ക് ഇരുട്ട് കയറി.അണ്ണാറക്കണ്ണന് ചിലച്ചോ ആവൊ..എന്തായാലും എന്റെ തലയിലേക്ക് ചാമ്പക്കകള്‍ ഇപ്പോഴും അടര്‍ന്നു വീണൂ കൊണ്ടിരിക്കുകയാണ്..!!!!!
....
Friday, May 23, 2008
അഗ്നിശുദ്ധി...!!!
നീ ആരെയോ ഇതിനു മുന്‍പ് പ്രണയിച്ചിട്ടുണ്ട്..."
ഞാന്‍ അഗ്നിശുദ്ധിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
അവള് കരഞ്ഞു.ഒന്നും പറഞ്ഞില്ല.
ഞാന്‍ പറഞ്ഞു:
" ഞാന്‍ കേട്ടിട്ടുണ്ട് പെണ്ണുങ്ങള് കരഞ്ഞു കാണിച്ച് ആണുങ്ങളെ പറ്റിക്കാറുണ്ടെന്ന്.എടീ നീ സത്യം പറയണം.നാലു കൊല്ലം കോളേജില്‍ പഠിച്ചിട്ടും നീ ആരെയും പ്രേമിച്ചിട്ടില്ല..??"
അവള് വീണ്ടും കരഞ്ഞു.
അഗ്നിശുദ്ധി നടത്താന്‍ വേണ്ടി കൂട്ടി വച്ച വിറകുകള്‍ ഒരു ചിതയെ ഓര്‍മ്മിപ്പിച്ചു.
"ഇത്രയും സുന്ദരിയായ നിന്നെ ആരും പ്രേമിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്.ഞാന്‍ നിനക്ക് അഗ്നിശുദ്ധം വിധിക്കുന്നു..!!"
അവള് പിന്നെയും കരഞ്ഞു.കനലുകള്‍ എരിഞ്ഞു കത്തി.
നെയ്യൊഴിക്കുമ്പോള്‍ ഹോമാഗ്നിയില്‍ നിന്നെന്ന പോലെ തീ നാളങ്ങള്‍ നാവു നീട്ടി.
"ഇതാ നിന്റെ ചാരിത്ര്യം തെളിയിക്കാന്‍ ഒരവസരം.അഗ്നി കള്ളം പറയില്ല."
തീയുടെ വെളിച്ച്ത്തിലൂടെ അവളുടെ കണ്ണീര്‍കണങ്ങള്‍ തിളങ്ങി.
അവളുടെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം വന്നു.
പിന്നീടവള്‍ ഒരഭ്യാസിയെ പോലെ എന്നെയെടുത്ത് ചുഴറ്റി അഗ്നികുണ്ഡത്തിലേക്കെറിഞ്ഞു.
ഞാന്‍ എരിഞ്ഞു കത്താന്‍ തുടങ്ങി.---
Monday, May 19, 2008
എന്തുകൊണ്ട് തളത്തില്‍ ദിനേശന് അഥവാ നീല രക്തമുള്ള പെണ്‍കുട്ടി..!!
നിന്നെ ഞാനാദ്യം കണ്ടത്
തെരുവോരത്തെ സിനിമാ പോസ്റ്ററിലായിരുന്നു.
മസാലമണക്കുന്ന അക്ഷരങ്ങള്‍ പൊതിഞ്ഞ്
അനാവൃതമായ മാംസക്കഷണങ്ങളുമായി
നീ ഒരു ചില്ലി ചിക്കനെ ഓര്‍മ്മിപ്പിച്ചു.
പിന്നെ അര്‍ദ്ധരാത്രിയില്‍
റെയില്‍വേ സ്റ്റേഷന്റെ പിന്നാമ്പുറത്തും
ആളൊഴിഞ്ഞ ബസ് സ്റ്റോപ്പുകളില്‍
മുല്ലപ്പൂമണം ചുരത്തുന്ന മുടിയിഴകള്‍ക്കുള്ളിലും
നിന്റെ മുഖം ഓര്‍മ്മിപ്പിച്ചത്
അറവുകാരനെ തിരയുന്ന ആട്ടിന്‍ പറ്റത്തെയാണ്
പിന്നെ നഗരത്തിന്റെ മഞ്ഞ വെളിച്ചങ്ങളിലൂടെ
അവന്റെ ബൈക്കിന്റെ പുറകിലും
ഐസ്ക്രീം പാറ്ലറിന്റെ ഒഴിഞ്ഞ കോണിലും
പബ്ബുകളിലും ഷോപ്പിങ് മാലുകളിലും
ഒരു കുപ്പി ബിയറായി നീ പതഞ്ഞു തീരുന്നതും
എനിക്കു കാണാമായിരുന്നു.
ബോയ്സ് ഹോസ്റ്റലിന്റെ
മച്ചിനു മുകളിലുള്ള ചിത്ര പുസ്തകങ്ങളില്‍ മാത്രമല്ല
ഇന്നലെ അവിനാശിനൊപ്പം
തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന
ജീന്‍സിട്ട പെണ്‍കുട്ടിക്കും
അതേ മുഖമായിരുന്നു.
ഒടുവില്‍ സുഹൃത്ത്
പുറത്തേക്കു ചൂണ്ടുന്ന
ഓരോ വിരലിന്റെ അറ്റത്തും
ചോര കല്ലിച്ച് നിന്റെ നീല മുഖം
തെളിയാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ എന്നെത്തന്നെ ഭയപ്പെട്ടു തുടങ്ങി.
അതു കൊണ്ടായിരുന്നു സ്നേഹിതേ
നീ ഇന്നലെ എന്നോട്
മഴത്തുള്ളികളുടെ സംഗീതത്തെകുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ കണ്ണുകളടച്ചത്
എന്തെന്നാല്‍
നിനക്കും ഒരുപക്ഷെ
അവളുടെ മുഖമാണെങ്കിലൊ
നീല രക്തമുള്ള പെണ്‍കുട്ടിയുടെ മുഖം..!!
Friday, May 16, 2008
ഉല്‍ക്ക..!!
ഒരു ഉല്‍ക്ക വന്നു വീണു.
ആലിപ്പഴമാണെന്നാണ്
ആദ്യം കരുതിയത്..!!
ഉല്‍ക്ക വാതത്തിന്
നല്ല മരുന്നാണെന്നും
പൊടിച്ച് ചേര്‍ത്ത്
കുഴമ്പാക്കിനടുവിനു തേച്ചാല്‍
നടു വേദന പമ്പ കടക്കുമെന്നും
കുഞ്ഞിരാമന് വൈദ്യര്...!!
പക്ഷെ യഥാര്‍ത്ഥത്തില്‍
കുഞ്ഞിരമന്‍ വൈദ്യര്
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!
ഉല്‍ക്ക വീണാല്‍
അത് ഉടന്‍ തന്നെ കുഴിച്ചിടണമെന്നും
വീട്ടിനുള്ളില്‍ ഉല്‍ക്ക വെക്കുന്നത്
ഭാഗ്യക്കേട് വരുത്തുമെന്നും
ജ്യോതിഷഭൂഷണം പിഷാരടി...!!!
അല്ലാ, യഥാര്‍ത്ഥത്തില്‍
പിഷാരടി
ഉല്‍ക്ക കണ്ടിട്ടുണ്ടോ...!!!
ഒടുവില്‍ ഉല്‍ക്കപ്പുറത്തെ
പച്ചപ്പ് കണ്ട് പിടിച്ച്
അന്യഗ്രഹ ജീവികളുണ്ടെന്ന്
തര്‍ക്കിക്കാന്‍ തുടങ്ങി
എക്സോ ബയോളജിസ്റ്റ്
രാമചന്ദ്രന് സാറ്...!!!
ഏതായാലും..
അത് ഉല്‍ക്കയല്ലെന്നും
താന്‍ മാങ്ങയെറിഞ്ഞപ്പോള്‍
കല്ല് വന്ന് മുറ്റത്തു
വീണതാണെന്നും
അയല്പക്കത്തെ
ഉണ്ണിക്കുട്ടന് പറയുന്നത് വരെ
കോലാഹലം
തുടര്‍ന്നു കൊണ്ടേയിരുന്നു...!!
Friday, May 9, 2008
പാലക്കണ്ണ്...!!
" സാറേ നല്ല ഫിറ്റാണല്ലോ.." രാമകൃഷ്ണേട്ടന്റെ സ്നേഹിതനാണെങ്കിലും ചന്ദ്രന് സാറിനെ രാമകൃഷ്ണേട്ടന് അങ്ങനെയാണ് വിളിക്കാറ്.
" ആ, രാമഷ്ണാ..ഇന്നൊരു പുതിയ ബ്രാന്‍ഡ് കിട്ടി ..നല്ല പൊളപ്പന്‍..ഒന്നടിച്ചപ്പോ തന്നെ നല്ല കിക്ക്..."
പുതിയ ബ്രാന്‍ഡോ..!! രാമകൃഷ്ണേട്ടന്റെ പുരികക്കൊടികള്‍ വില്ലു കുലച്ചു.ഞാനറിയാതെ ഏതാപ്പാ പുതിയ ബ്രാന്‍ഡ്...!! ദുനിയാവിലെ ഒട്ടുമിക്ക ബ്രാന്‍ഡുകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച രാമകൃഷ്ണേട്ടന് സ്വകാര്യം പറയുമ്പോലെ ചോദിച്ചു.
"അല്ല , ഏതാ സാറേ ആ പുതിയ ബ്രാന്‍ഡ്..?"
ചന്ദ്രന് സാറ് ഫുള്‍ കിക്കില്‍ പ്രതിവചിച്ചു.
"ഹാ..പുതിയ ഒന്ന്..പാലക്കണ്ണ്..!!"
പാലക്കണ്ണ്...!! കൊള്ളാമല്ലൊ. കേട്ടപ്പോള്‍ തന്നെ രാമകൃഷ്ണേട്ടന്റെ തൊണ്ടയിലേക്ക് ഒരു കവിള് ഉമിനീര് കുത്തിയൊലിച്ചിറങ്ങി.പേരു കേട്ടാലറിയാം കിടിലനാരിക്കും. നല്ല നാടന്‍ മിക്സ് ചെയ്ത ഫോറിന് ആകുമോ. പേരിലാകെ ഒരു നാടന്‍ മയം..!! പക്ഷെ ചന്ദ്രന് സാറ് തന്നെ പോലെ നാടനടിക്കുന്ന ആളല്ല.
രാമകൃഷ്ണേട്ടന് ഒന്നു കൂടി ചന്ദ്രന് സാറിന്റെ അടുക്കലേക്ക് ഒടിഞ്ഞ് മടങ്ങി ഇരുന്നു.
"സാറേ,ഒരല്പം ഇങ്ങോട്ടെടുക്കുമോ..എനിക്ക് വേണം.ഒരു തുള്ളി കിട്ടിയാലും മതി..."
നെല്ല് ചോദിക്കുന്ന അടിയാനോട് ജന്മി ഉത്തരം പറയുന്ന ശബ്ദം തൊണ്ടയിലേക്ക് ആവാഹിച്ച് ചന്ദ്രന് സാറ് മറുപടി പറഞ്ഞു.
"ആ, രാമഷ്ണന് ഇരിക്ക് ..ഉണ്ടോന്നറിയില്ല..ഞാന്‍ നോക്കട്ടെ."
ചന്ദ്രന് സാറ് അകത്തേക്ക് പോയപ്പോള്‍ യുക്തിവാദി അസ്സോസിയേഷന്റെ ജില്ല കമ്മറ്റി കണ്‍വീനറാണ് താന്‍ എന്ന കാര്യം പോലും ഓര്‍ക്കാതെ ചരിത്രത്തിലാദ്യമായി രാമകൃഷ്ണേട്ടന് സകല ദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ചു."ഭഗവാനേ,സര്‍വ്വശക്താ, ഒരു തുള്ളിയെങ്കിലും ബാക്കി കാണണേ..."
ചന്ദ്രന് സാറ് മടങ്ങി വന്നു..കയ്യിലൊരു കുപ്പി.അതിലൊരു പരുന്തു പറക്കുന്ന ചിത്രം.അതിനു താഴെ "Falcon" എന്ന് എഴുതിയിരിക്കുന്നു.
ചന്ദ്രന് സാറ് ഗൗരവം വിടാതെ പറഞ്ഞു.
"കുറച്ചേയുള്ളൂ..പാലക്കണ്ണ്...ബാക്കി അകത്തിരിക്കുന്നതൊക്കെ ബ്രാന്‍ഡ് വേറെയാ..."
രാമകൃഷ്ണേട്ടന് എഴുന്നേറ്റു.ഡിപ്പാര്‍ട്മെന്റിലുള്ള ചന്ദ്രന് സാറിന്റെ സീനിയോറിറ്റിയും പ്രായത്തിലുള്ള ബഹുമാനവും മറന്ന് ഇങ്ങനെ ഗര്‍ജ്ജിച്ചു.
"നായിന്റെ മോനെ,ഇതാണോടാ പാലക്കണ്ണ്...ഇത് ഫാല്‍ക്കണ്‍..ഇതിന്റെ മോളില് ഞാനൊരു പാട് നെരങ്ങിയിട്ടുള്ളതാ..പാലക്കണ്ണാത്രേ..പാലക്കണ്ണ്...!!ഇംഗ്ലീഷ് വായിക്കാനറിയില്ലേല് ടൂഷ്യനു പോണം...ബാക്കിയുള്ളവരെ വടിയാകാനായിട്ട് നടക്കുന്നു...."
ബാക്കി രാമകൃഷ്ണേട്ടന് പറഞ്ഞത് എന്തൊക്കെ ആണെന്ന് ചന്ദ്രന് സാറ് കേട്ടില്ല...!!
Friday, April 25, 2008
വാക്ക്
വാക്ക് "അമ്മ" എന്നാണ്....
പിന്നെ "കവിത" എന്നത്...
പിന്നെ "നീ" എന്നത്...
പിന്നെ "ഞാന്‍" എന്നത്
പിന്നെ...
ഇതില്‍ ഒടുവിലത്തെ
മൂന്നു മനോഹരമായ
വാക്കുകള്‍ ചേര്‍ന്ന്
ലോകത്തിലെഏറ്റവും സുന്ദരമായ
അഞ്ചാമത്തെ വാക്ക് ജനിക്കുന്നു.....
അതാണ് "പ്രണയം" എന്ന വാക്ക്...!!
Tuesday, April 22, 2008
"ഒന്നും ആയില്ല. അല്ലേ..??"
"ഒന്നും ആയില്ല. അല്ലേ..??"
പിന്നീടൊരു ജോലി കിട്ടും വരെ ചെല്ലപ്പേട്ടനെ കാണാതെ മുങ്ങിനടന്നു....ഒടുവില്‍ ഭാഗ്യത്തിന് ജീവിക്കാന്‍ വേണ്ട ഒരു ജോലി കിട്ടി.വീട്ടുകാര്‍ എന്റെ കല്യാണാലോചനയും തുടങ്ങി അപ്പോഴണ് ചെല്ലപ്പേട്ടന്‍ പഴയ ചോദ്യവുമായ് മുന്നില്‍ പെട്ടത്.......
"ഒന്നും ആയില്ല. അല്ലേ..??"
ഇനി ഒരു കല്യാണം കഴിക്കാതെ ചെല്ലപ്പേട്ടന്റെ മുന്നിലെത്തില്ലെന്ന് പ്രതിജ്ഞ എടുത്ത് കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി ഒട്ടിച്ചു വെച്ച് ഞാന്‍ നടന്നു.....ഒടുവില്‍ ഭാഗ്യത്തിന് ഒരു പെണ്ണും കിട്ടി..അങ്ങനെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ദേ, ചെല്ലപ്പേട്ടന്‍ വീണ്ടും മുന്നില്‍....
"ഒന്നും ആയില്ല. അല്ലേ..??"
അങ്ങനെ ഇരിക്കെ ഒരു മകന് പിറന്നു...ലവനെയും കൂട്ടി ഇനി എന്നോട് എന്തു ചോദിക്കും ചെല്ലപ്പേട്ടന്‍ എന്നും വിചാരിച്ച് തല ഉയര്‍ത്തി ചെല്ലപ്പേട്ടനെ ഒന്നു കണ്ടു കിട്ടാന്‍ നടക്കുന്ന കാലത്താണ് എനിക്ക് ഒരു ആക്സിഡന്റ് പറ്റിയത്.ഐ സി യു വില്‍ ആരോടും സംസാരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും ചെല്ലപ്പേട്ടന്‍ കാണാന്‍ വന്നപ്പോള്‍ ചോദിക്കുന്നതിനു മുന്‍പെ തന്നെ ഞാന്‍ പറഞ്ഞു...
"ഉം..മിക്കവാറും അടുത്തു തന്നെ ഒരു തീരുമാനമാകും..."
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു...ഇപ്പോള്‍ നാട്ടില്‍ ചെല്ലപ്പേട്ടനില്ല..പക്ഷെ ഒരുപാട് ചെല്ലപ്പേട്ടന്‍ മാരുണ്ട്...!!
Wednesday, April 16, 2008
വിട..!!
ഓര്‍മ്മകളുടെ പൂക്കാലം
കൊഴിഞ്ഞു തീരുകയാണ്....
മറവിയുടെ പേക്കാലം
വരുന്നതിന് മുന്‍പ്
ഞാന്‍ തിരിഞ്ഞ് നടക്കുകയാണ്...
നന്ദി..!!
എന്നിലേക്ക് പടര്‍ന്ന
ചില്ലകള്‍ക്കും
എന്നില്‍ നിന്നടര്‍ന്ന
വേരുകള്‍ക്കും അറിയാതെയും പറയാതെയും
പോയ വാക്കുകള്‍ക്കും....
വിട...!!
എല്ലാ വഴികളും
ഇരുട്ടുന്നതിന് മുന്‍പ്
അവശേഷിക്കുന്ന വെളിച്ചത്തിലൂടെ
എനിക്ക് തിരിച്ചു പറന്നേ തീരൂ..
ഒരു പക്ഷേ
ആകാശം നഷ്ടപ്പെട്ടേക്കാമെങ്കിലും...!!
Monday, April 7, 2008
ദൂസര...!!!
" അങ്കിള്‍ ...ദൂസരാ എന്ന് പറഞ്ഞാല്‍ എന്താ ...?" അങ്കിള്‍ എന്ന് വിളിച്ചതില്‍ ലേശം വിഷമമായെന്കിലും ചോദിക്കുന്നത് മലയാളി അല്ലെ എന്ന് കരുതി ഞാന്‍ വിശദീകരിച്ചു .... "ഈ ദൂസരന്നു പറഞ്ഞാ spinner മാരുടെ ഒരു തരം bowling ശൈലിയാണ് ... അതു ആദ്യമായ് എറിഞ്ഞത് മുസ്ത്താക് അഹമ്മദ് ആണോ സക്ലൈന്‍ ആണോന്നു മറന്നുപോയി ...പിന്നെ നമ്മടെ ഹര്ഭജന് ദൂസരയും തീസരയുമൊക്കെ എറിഞ്ഞ..." പറഞ്ഞു തീരും മുന്‍പേ അവന് പറഞ്ഞു... "മതി മതി..ഇത്രേം മതി.." സ്വന്തം വിവരത്തില്‍ അഭിമാന പുളകിതനായി ഒന്ന് കൂടി തലയുയര്‍ത്തി ഞാന്‍ അവനോടു ചോദിച്ചു... "ആട്ടെ നീ എന്തിനാ ചോദിച്ചത്..." അവന് എന്ത് തിരയുന്നതിന് ഇടക്ക് ധൃതിയില്‍ പറഞ്ഞു... "എയ്..ഒന്നൂല്ല ..'ഏതു ധൂസര സന്കല്പങ്ങളില്‍ പിറന്നാലും..,ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും' എന്ന ..ബുക്കില്‍ കണ്ടു ..." പിന്നെ ഞാന്‍ നോക്കി നോക്കിനില്കെ അവന് ബാറ്റും ബൊളുമെടുത്ത് ഓടിക്കളഞ്ഞു ...!!! ഹും...അപ്പോള്‍ എനിക്ക് മനസ്സിലായി ഈ ഡല്‍ഹി ജീവിതം എന്നിലെ മലയാളിയേയും കുറേശ്ശെ കൊല്ലാന്‍ തുടങ്ങിയിരിക്കുന്നു....!!! |
Friday, April 4, 2008
പ്രതിവിപ്ലവം..!!
ശ്രമിച്ചുകൊണ്ടിരുന്നു....
പക്ഷെ സംഭവിക്കുന്നത് ഇതാണ്....
ചങ്ങലയെക്കാള്‍ മുമ്പെ
ആന മെരുങ്ങിക്കഴിഞ്ഞിരിക്കും...!!!
Tuesday, April 1, 2008
ചൂണ്ട..!!
നമ്മള് നനയുന്നു...
ഒരേ ചിന്തകളില്‍
ബന്ധിക്കപ്പെട്ടിരിക്കുന്നു...!!!
ഒരേ കാഴ്ചകളില്‍
അകപ്പെട്ടിരിക്കുന്നു
ഒരേ ചിറകുകളില്‍
സ്വപ്നം കാണുന്നു.
കൈകള്‍ കോര്‍ത്തും
ഉച്ഛ്വാസങ്ങള് ചേര്‍ത്തും
നമ്മള് ഒന്നായിരുന്നു
എന്നിട്ടും...
ഒരേചൂണ്ടലില് കോര്‍ത്ത്
വലിച്ചെറിയപ്പെട്ട
ഇരകളാണ് നാം
എന്ന തിരിച്ചറിവ്
ആഴങ്ങളില്‍
നമ്മെ ശ്വാസം മുട്ടിക്കുന്നു..!!
ഒരു സ്റ്റീരിയൊ ടൈപ് പ്രണയ കവിത..
ഞാന്‍ നീന്താന്‍ പഠിച്ചു...
ഉയരങ്ങള്‍ കീഴടക്കി ഞാന്‍
ആകാശത്തെ തോല്പിച്ചു
സ്വപ്നങ്ങള്‍ കണ്ട്
ഞാന്‍ ജീവിതത്തെ തോല്പിച്ചു...
പിന്നെ നീ പ്രണയം കൊണ്ട്
എന്നെ തോല്പിക്കാന് തുടങ്ങിയപ്പോള്‍
മരണം കൊണ്ട് ഞാന്‍
എന്നെ തന്നെ തോല്പിച്ചു...
റേഡിയോ തെറാപ്പി...!!
ഒരു മൈക്രൊവേവ് റേഡിയേഷന്
പോലെയാണ്...
ഒരു മൊബൈല്‍ ഫോണ്‍
കോളിനൊപ്പം
നിശബ്ദനായി കടന്നു വന്നേക്കാം
ഓരോ ചുംബനത്തിലും
മരണം കാത്തു വെച്ചേക്കാം
ഓരോ തലോടലുകളും
നഖപ്പാടുകള്‍ വീഴ്ത്തിയേക്കാം....
ഒടുവില്‍
തിരിച്ചറിയുക..
മുറിച്ചു മാറ്റാനവാത്ത വിധം
നിന്റെ ജീവാണുക്കളില്‍
അത് ഒരു കാന്‍സറായി
പടര്‍ന്നതിനുശേഷം
മാത്രമാണ്...!!!
Friday, March 28, 2008
ഒരാള്‍ക്ക് എത്ര പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ കഴിയും...???
എന്നെ നിനക്കെന്നും കാണാം
എന്ന സ്വാതന്ത്ര്യമാണ്...
പ്രണയം
എന്നെ ഒരൊറ്റ ദിനം പോലും
നീ കാണാതിരിക്കരുത്
എന്ന അസ്വാതന്ത്ര്യവും
അടിച്ചേല്പിക്കുന്ന
സ്വാതന്ത്ര്യം
അടിമത്തം പോലെയാണ്...
അത്
ആത്മഹത്യ പോലെ
കയറിന്റെ ഒരറ്റത്ത്
നിങ്ങളെ
ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും...!!!!
പ്രണയത്തെപ്പറ്റി വീണ്ടും..!!!
നിന്നോട് അസൂയയാണ്
തോന്നിയത്...
നീ എന്നെക്കാള്‍ വളര്‍ന്നതിന്....
പിന്നെ നിന്നോടെനിക്ക്
പകയായിരുന്നു...
നിന്നില്‍ അറിയാതെ
ഞാന്‍ ഉപെക്ഷിക്കപ്പെട്ടതിന്...
പിന്നെ നീ എന്റെ
ഏറ്റവും വലിയ വെല്ലുവിളിയായി
നിന്നെ ഒടുവില്‍ ഞാന്‍
കീഴ്പെടുത്തും വരെ..
അതുകൊണ്ട്
നിന്നെ ഇന്നു ഞാന്‍ പ്രണയിക്കുന്നു...
കാരണം
പ്രണയം അസൂയയും പകയും
വെല്ലുവിളിയും കീഴടക്കലുമാണ്...
ക്ഷമിക്കുക..!!
ഇനിയും ഒരിക്കല്‍ പോലും
നിന്നെ ഞാന്‍ സ്നേഹിച്ചിട്ടില്ലെന്നതിന്..!!
അവസാനത്തെ പൂവ്..!!
ആത്മഹത്യ ചെയ്തു..!!
അപ്പോഴും കിളികള്‍ പാടിക്കൊണ്ടും
പുഴ ഒഴുകിക്കൊണ്ടുമിരുന്നു...
ഇന്ന് അവന്റെ
പ്രണയിനിയുടെ വിവാഹമാണ്...
ഇപ്പോഴും പുഴ ഒഴുകിക്കൊണ്ടും
കിളികള്‍ പാടിക്കൊണ്ടും ഇരിക്കുന്നു
നാളെ അവന്റെ
ശവകുടീരത്തിനു മുകളില്‍
ലോകത്തിലെ അവസാനത്തെ പൂവ്
കൊഴിഞ്ഞ് വീഴും..
അന്ന് പാടാന്‍ കിളികളും
ഒഴുകാന്‍ പുഴകളും
അവശേഷിക്കുകയില്ല...!!!
ഒറ്റ..!!
പക്ഷെ ഇന്നു നിന്നെ കണ്ടെത്തും വരെ
അതെനിക്കറിയില്ലായിരുന്നു...
ബുദ്ധി ജീവികള്‍ ഉണ്ടാകുന്നത്....!!!
"കവിത ഒറ്റ വായനയില്‍ പിടി കൊടുക്കരുത്...
എന്നാലേ അത് കവിതയാകൂ..."
രണ്ടാമത്തെ സുഹൃത്ത് പറഞ്ഞത്:
"ഞാനിന്നലെ ഒരു ക്രൈം വാരിക വാങ്ങാന്‍ ബുക് സ്റ്റാളില്‍ പോയി..
ഷോപ്പുകാരന് ചോദിച്ചു: 'എന്തു വേണം സര്..?'
ആ വിളി കേട്ട് ഞാനൊരു ഭാഷപോഷിണി വാങ്ങി തിരിഞ്ഞു നടന്നു"
മൂന്നാമത്തെ സുഹൃത്ത് പറഞ്ഞത്:
"മച്ചൂ,അവനവന്റെ ട്രൗസറിട്ടാപ്പോരേ.."
ശുഭം..!!
ഏറ്റവും പുതിയ നിരാശകള്‍..!!
ഏറ്റവും പുതിയ നിരാശയാണ്..
പഴയ നിരാശകള്‍ക്ക്
പുതിയ നിരാശകള്‍
കൈമാറുന്നതാണല്ലൊപ്രണയം...!!!
സ്വപ്നത്തില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന പെണ്‍കുട്ടി...!!!
പുറത്തേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യം കണ്ടത് നക്ഷത്രങ്ങളെയാണ്....
പിന്നെ പെണ്‍കുട്ടി
താന്‍ ഉറങ്ങുന്നത് ഒരുപൂവിലാണെന്നും
തന്റെ ഇടതുഭാഗത്ത് കൂടി
ഒരു പുഴ ഒഴുകുന്നുണ്ടെന്നുംസങ്കല്പിച്ചു..
പിന്നെ സ്വപ്ങ്ങളാണ്
സത്യമെന്ന് സങ്കല്പിച്ച്
പെണ്‍കുട്ടി കണ്ണുകളടച്ചു...
പിന്നെ അവളെ വീണ്ടും
ഒരു പുതിയ
ഉറക്കം വന്നു മൂടി...!!!
Monday, March 24, 2008
എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!
സിരകള്‍ക്കിടയിലൂടെ
ഒടുവില്‍
എന്നത്തേക്കാളും ചുവന്ന ഒരു പൂവ്..!!!
Tuesday, March 18, 2008
ചെമ്പരത്തി(ചെവിയുടെ മീതെ ഒരു..)
ഞാന്‍ അറിയാതെ തറച്ച് വെച്ച്
പിഴുതെടുക്കാന്‍ മറന്ന ചില്ലക്ക്...
ഒരു വസന്തത്തില്‍ എനിക്ക് നീ നൂറ് പൂവ് തന്നു....
ചിലപ്പോള്‍ എന്റെ പ്രണയത്തെ
ഒരു നീല ലിറ്റ്മസ് ആയി വന്ന് ചുവപ്പിച്ചു.....
പക്ഷെ ഇന്നലെ ബോട്ടണി ക്ലാസ്സില്‍പറഞ്ഞത്...
പൂവ് ചെടിയുടെ നഗ്നതയാണെന്നാണ്....
പരാഗ രേണുവുംജനിദണ്ഡും കേസരങ്ങളും
കീറിമുറിച്ചും വരച്ചും
മാര്‍ക്കു നേടണമെന്നും.....
സസ്യശാസ്ത്രത്തിന്റെ പച്ചക്കും
നിന്റെ സ്വത്വത്തിന്റെ ചുവപ്പിനുമിടയില്‍
പ്രണയിനിക്കിനിയും മുറിച്ച് നല്‍കാത്ത
ഇടതു ചെവിയുടെ മുകളില്‍നിന്നെ ഞാന്‍ ചൂടും
ഉന്മാദതിന്റെ ചെവിക്കു മീതെ
ഒരു ചെമ്പരത്തിയായി...!!
Sunday, March 16, 2008
നീ...!!!
എറ്റവും പുതിയ നിലാവും....
എറ്റവും പുതിയ പുഴയും....
ഏറ്റവും പുതിയ പൂവും തരും....!!!
പക്ഷെ നിന്നെ മാത്രം..
എനിക്ക് പഴയതുമതി...!!
അവസ്ഥാന്തരം...!!
ഞാന്‍ എന്റെ ചുണ്ടുകള്‍ മാത്രമാകാറുണ്ട്....
നീ എന്നോടു സംസാരിക്കുമ്പോള്‍
ഞാന്‍ വെറും മനസ്സു മാത്രമായിത്തീരുന്നു....
നീ എന്നെ ചുംബിക്കുമ്പോള്‍
ഞാന്‍ വെറും ഒരു ഹൃദയം മാത്രമായി ചുരുങ്ങുന്നു...
അതുകൊണ്ട് നമുക്കു പിരിയാം...
കാരണം ഇങ്ങനെ ഇവയൊക്കെ മാത്രമായി
തലച്ചോറില്ലാതെ ഒരാള്‍ക്ക്
എത്ര ദിവസം ജീവിക്കാനാകും..???
കാല്പാടുകള്...!!
മുഴുവന്‍ സ്റ്റെറിലൈസ് ചെയ്തു...!!
വേണ്ടാത്ത പ്രണയം കണ്ണിലൂടെ ഒഴുക്കിക്കളഞ്ഞു..
ഒടുവില്‍ ചോര കൂടി വറ്റിച്ചപ്പോള്‍
താഴെ മുഴുവന്‍ ക്ലാവു പിടിച്ചു കിടക്കുന്നു...!!!
അതിനു മുകളില്‍ നിന്റെ കാല്പാടുകളും...!!
ആര്.??
എന്നിട്ടും ഞാന്‍ നിന്നെ ഒരുപാടു സ്നേഹിച്ചു...
എന്നിട്ടും നീ എന്റെ ആരുമകുന്നില്ല...!!
ഉപ്പ്...!!
പ്രണയത്തില്‍ ചുണ്ടുകള്‍ക്കും....
സൗഹൃദത്തില്‍ കാഴ്ച പങ്കുവെക്കപ്പെടുന്നു...
പ്രണയത്തില്‍ നമ്മളെ തന്നെയും...
നിന്നോടുള്ള സൗഹൃദം എനിക്കൊരു കടലാണ്...
ക്ഷമിക്കുക...
അതിന്റെ ഉപ്പുരസം
ഞാനറിയാതെ അതില്‍ചേര്‍ത്തുപോയ
ഒരുപിടി പ്രണയത്തിന്റേതായതില്‍....!!
വെറുതെ ഒരു കഥ
അവള് പറഞ്ഞു :"ഞാന്‍ അത് സ്വീകരിക്കാം...അടുത്ത ഒരു മിനുറ്റ് നിനക്കെന്നെ ഓര്‍ക്കാതിരിക്കാന്‍ പറ്റുമെങ്കില്‍..."
ഞാന്‍ സമ്മതിച്ചു...വണ്‍,റ്റു,ത്രീ....നക്ഷത്രങ്ങള്‍,നിലാവ്,മഴ,പൂവുകള്‍,പൂമ്പാറ്റകള്‍..... ഒര്മ്മകളിലേക്ക് അവളുറ്റെ മുഖം മാത്രം വരരുതേ.......
ഒരു മിനുറ്റിനു ശേഷം കിതച്ചുകൊണ്ട് ഞാന്‍ പറഞ്ഞു : "ഞാന്‍ വിജയിച്ചിരിക്കുന്നു....കഴിഞ്ഞ ഒരു മിനുട്ട് ഒരിക്കല്‍ പോലും നിന്നെ ഞാന്‍ ഓര്‍ത്തിട്ടേയില്ല....!!!"
അപ്പോള്‍ അവള് പറഞ്ഞു: "നീ വിജയിച്ചിരിക്കുന്നു...നിന്റെ സൗഹൃദം ഞാന്‍ അംഗീകരിക്കുന്നു...പക്ഷെ നീ പരാജയപ്പെട്ടിരുന്നെങ്കില്‍..."
ഞാന്‍ കിതപ്പു മാറാതെ ചോദിച്ചു: "പരാജയപ്പെട്ടിരുന്നെങ്കില്‍...??"
അവള് പറഞ്ഞു:"നിന്നെ ഞാന്‍ പ്രണയിക്കുമായിരുന്നു.."
അകലം
പിന്നെ പറഞ്ഞത് "നീ" എന്നായിരുന്നു
ഒടുവില്‍ "നമ്മള്" എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും
നീ മറ്റാരുടേതോ ആയിരുന്നു...!!
Saturday, March 15, 2008
വാലന്റൈനെ ആര്‍ക്കാണ് പേടി..??
ജീവിതകാലം മുഴുവന്‍നിന്നെ ചുമക്കാമെന്നുമുള്ള
ഒരു കഴുതയുടെ കരാറല്ല....
നീ എനിക്കുതന്നഓണ്ലൈന് ചുംബനങ്ങളും
നിന്നെ ഓര്‍ത്ത് ഞാന്ഇന്നലെ
കുടിച്ചു തീര്ത്തബിയര് ബോട്ടിലുകളുമാണ്...
അതുകൊണ്ട് പ്രീയപ്പെട്ടവളെ..
"ഞാന്‍ നിന്റെ നേരം കാത്തുറങ്ങാതിരിക്കുന്നു..."
Friday, February 29, 2008
ജനലഴിക്ക് ഒരാമുഖം...!!

ഞാനീ ജനല്‍ തുറക്കുകയാണ്....
പ്രത്യേകതകളൊന്നുമില്ല....ഒരു പാട് ബ്ലോഗുകള്‍കിടയില്‍ മറ്റൊന്ന്....അത്രമാത്രം....
എങ്കിലും ആരെങ്കിലും എപ്പൊഴെങ്കിലും വഴിതെറ്റി ഇങ്ങോട്ട് കടന്നുവന്നാല്‍......
ഒന്നുറപ്പു തരാം......
നീണ്ട കഥകളെഴുതി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കില്ല....
ചെറിയ സഹിത്യക്കഷണങ്ങള്(കവിതയെന്നൊ..കഥയെന്നോ..ചവറെന്നോ....എന്തും വിളിക്കാം...!!) കൊണ്ടു മാത്രമേ ബോറടിപ്പിക്കൂ....
ഇവിടെ നിങ്ങള്‍ക്ക് വക്കുപൊട്ടിയ സ്വപ്നങ്ങളും...
പുറത്തേക്ക് വലിച്ചെറിയാന്‍ മറന്ന കുപ്പിച്ചില്ലിന് കഷണങ്ങളും....
ചവച്ച് നീരിറക്കി തുപ്പിക്കളഞ്ഞ ബബിള്‍ഗവും....
വിരിയും മുമ്പെ പൊട്ടിച്ചെടുത്തിട്ടും പുലരി സ്വപ്നം കാണുന്ന പൂമൊട്ടുകളും ...
പ്രണയവും സൗഹൃദവും മരണവും മൗനവും എന്തും വായിച്ചെടുക്കാം....!!
കാരണം ഇവിടെ എഴുതുന്നത് " വായില്‍ തോന്നിയതാണ്..."
സംഭാഷണത്തിനുള്ള അപരിത്യാജ്യമായ അവകാശം എനിക്കുതരുന്ന
ചില " തോന്ന്യാക്ഷരങ്ങള്‍ "......